Skip to main content

സ്മാര്‍ട് ക്ലാസ്‌റൂമുകളിലൂടെ ലോകനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി ടി.പി.രാമകൃഷ്ണന്‍

ഇടത്തരക്കാരുടേയും പാവപ്പെട്ടവരുടേയും കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പുതിയ സ്മാര്‍ട് ക്ലാസ്‌റൂമുകളിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ .പൂനൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്മാര്‍ട് ക്ലാസ്സ്മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ദ്ധിച്ചിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി പ്രവേശനം നേടിയതായും മന്ത്രി പറഞ്ഞു. നല്ല ക്ലാസ്‌റൂമുകളിലെ മികച്ച പഠനം കുട്ടികളുടെ ഭാവിയിലും വ്യക്തിത്വത്തിലും പ്രതിഫലിക്കും അതിനായി വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ സംരക്ഷണവും മികച്ച പരിചരണവും അവര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു .

പുരുഷന്‍ കടലുണ്ടി എം.എല്‍.എ  അധ്യക്ഷനായി .ജില്ലയിലെ മികച്ച എന്‍.എസ്.എസ്സ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ  കെ.സി.റിജു കുമാര്‍ , ഭൂമിത്ര സേന ക്ലബ്ബിന് നേതൃത്വം നല്‍കിയ രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 2018   ലെ എസ്.എസ് എല്‍.സി , പ്ലസ് ടൂ പരീക്ഷകളിലെ വിജയശതമാനം ഉയര്‍ത്തിയതിനുള്ള , പി.ടി.എ.യുടെ ഉപഹാരം സ്‌കൂളിന് സമ്മാനിച്ചു. ഈ വര്‍ഷം മുതല്‍ സ്‌കൂളില്‍ നടപ്പാക്കുന്ന ' വിജയവസന്തം ' പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷക്കീല ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെനി ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.കെ.സുധീര്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ഉസ്മാന്‍ മാസ്റ്റര്‍ , ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ് , പഞ്ചായത്ത് അംഗങ്ങളായ കെ.പി.സക്കീന , നാസര്‍ എസ്റ്റേറ്റ് മുക്ക് , എ.കെ.ഗോപാലന്‍ , എ.പി.രാഘവന്‍ , തൊളോത്ത് മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു .പി.ടി.എ. പ്രസിഡന്റ് എന്‍.അജിത്കുമാര്‍ സ്വാഗതവും വൈസ്പ്രസിഡണ്ട് പി.പി ലത്തീഫ് നന്ദിയും പറഞ്ഞു.

date