Skip to main content

മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും

*ശ്വാസകോശ കാൻസർ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങൾക്ക് 1.10 കോടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൂടി ഈ സംവിധാനം യാഥാർത്ഥ്യമാകുകയാണ്. ആർസിസിയിലെ രോഗികൾക്കും ഇത് സഹായകരമാകും. പൾമണോളജി വിഭാഗത്തിൽ ഡി.എം. കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസനാള പരിധിയിലുള്ള കാൻസർ കണ്ടെത്തുന്നതിന് ഏറെ സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയർ ഇബസും റേഡിയൽ ഇബസും. ശ്വാസകോശ കാൻസർ വർധിച്ചു വരുന്നതിനാൽ വളരെപ്പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കാനാകും. ഈ യന്ത്രങ്ങളിലെ അൾട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താൻ കഴിയാത്ത അതിസൂക്ഷ്മമായ കാൻസർ പോലും കണ്ടെത്താൻ സാധിക്കും. റേഡിയൽ ഇബസ് മെഷീനിലൂടെ ഒരു സെന്റീമിറ്റർ വലിപ്പമുള്ള ശ്വാസകോശ കാൻസർ പോലും കണ്ടെത്താനാകും. തൊണ്ടയിലെ കാൻസർ ശ്വാസനാളത്തിൽ പടർന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും സാധിക്കും. കാൻസറിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ഓപ്പറേഷൻ വേണോ കീമോതെറാപ്പി വേണോ എന്ന് തീരുമാനിക്കാനും സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 50,000ത്തോളം രൂപ ചെലവുവരുന്ന സംവിധാനം മെഡിക്കൽ കോളേജിൽ യാഥാർത്ഥ്യമാകുന്നതോടെ പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമാകും.

പി.എൻ.എക്‌സ്. 1364/2023

date