എറണാകുളം അറിയിപ്പുകള് 1
കൊച്ചിന് മണ്‍സൂണ്‍ മാരത്തോണ്‍
കൊച്ചി : ഈ മാസം ആഗസ്ത് 12-ന് നടക്കുന്ന കൊച്ചിന് മണ്‍സൂണ്‍ മാരത്തോണിന്റെ 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണിനുള്ള രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയായി. ഓണ്‍ലൈനിലും കച്ചേരിപ്പടിയിലെ സോണല്‍ എക്സൈസ് കോംപ്ലക്സിലെ മാരത്തണ്‍ സെല്ലിലും രജിസ്ട്രേഷനുകള്‍ നടന്നു. മാരത്തോണിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കായികതാരങ്ങളേയും ഇന്‍ഷ്വര്‍ ചെയ്യുന്നതായി മാരത്തോണ്‍ കമ്മിറ്റി കണ്‍വീനര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത് അറിയിച്ചു. മാരത്തോണിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആഗസ്റ്റ് 10 വൈകിട്ട് 5 മുതല്‍ 8 വരെയും ആഗസ്റ്റ് 11 രാവിലെ 10 മണി മുതലും എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്സൈസ് കോംപ്ലക്സിലെ മാരത്തണ്‍ സെല്ലില്‍ തിരിച്ചറിയല്‍ രേഖകളുമായി നേരിട്ടെത്തി ബിബ്, രജിസ്ട്രേഷന് കിറ്റ് എന്നിവ വാങ്ങിക്കണം. മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 12 രാവിലെ അഞ്ചിനും ഫണ്‍ റണ്ണിനു പേരു നല്കിയിട്ടുള്ളവര് രാവിലെ ആറിനും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണം. ഫണ്‍ റണ്ണിനുള്ളവര്ക്ക് തുടര്‍ന്നും www.vimukthimarathon.kerala.gov.in -ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
1.52 കോടി രൂപ അനുവദിച്ചു
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ രണ്ട് വിദ്യാലയങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി അമ്പത്തിരണ്ട് ലക്ഷത്തി അറുപത്താറായിരം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ.അറിയിച്ചു. ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 8.99 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഭരണാനുമതി നല്‍കിയത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ പുളിന്താനം ഗവ:യു .പി സ്കൂളിന് അറുപത്തിയാറ് ലക്ഷം രൂപയും മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് 86. 66 ലക്ഷം രൂപയുമാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
പുളിന്താനം ഗവ:യു.പി സ്കൂളില്‍ ആറ് ക്ലാസ്സ് മുറികളും ടോയ്ലറ്റ് ബ്ലോക്കും നിര്‍മ്മിക്കാനാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതിനോടൊപ്പം തന്നെ സ്കൂളിലെ മറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനും ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കുന്നതിനും വേണ്ട ഫണ്ട് തുടര്‍ന്ന് അനുവദിക്കുമെന്നും എം.എല്‍.എ.പറഞ്ഞു .സംസ്ഥാനത്ത് തന്നെ മികച്ച അക്കാദമിക്, കലാകായിക നേട്ടങ്ങള്‍ കൈവരിച്ച സ്കൂളാണിത്. നൂറ്റിമുപ്പത്തിയഞ്ച് കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഈ അധ്യയന വര്‍ഷം 25 കുട്ടികള്‍ ഇവിടെ ചേര്‍ന്നു. നഴ്സറി ,കമ്പ്യൂട്ടര്‍ ലാബ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ബസ് സര്‍വ്വീസ്, മെസ്ഹാള്‍, കരാട്ടെ, യോഗാ പരിശീലനം എന്നിങ്ങനെ പി.ടി.എ യുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയ്ക്ക് സ്കൂളില്‍ നടത്തിയത്.
മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് കഴിഞ്ഞ വര്‍ഷം കെട്ടിടം നിര്‍മ്മിക്കാനായി അന്‍പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും 86.66 ലക്ഷം രൂപ കൂടി അനുവദിച്ചത്. ഇതോടെ മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ മന്ദിരം എന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. സ്കൂളിന്റെ പഴയ കെട്ടിടത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിലവില്‍ മൂന്ന് ക്ലാസ് മുറികളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. ഇതിനോട് ചേര്‍ന്ന് തന്നെ ക്ലാസ് മുറികളും ലാബിനുള്ള കെട്ടിടവും ഒരുക്കുന്നതിനാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പണം അനുവദിച്ചിരിക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ സ്കൂളിന്റെ പരാധീനതകള്‍ക്ക് പരിഹാരമാകും.
അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ രണ്ടും ലൈവ് സ്റ്റോക്ക് മാനേജ്മെന്റില്‍ ഒന്നുമായി മൂന്ന് കോഴ്സുകളാണ് ഇവിടെയുള്ളത്. നൂറ്റി എഴുപത്തി അഞ്ച് വിദ്യാര്‍ത്ഥികളും, എട്ട് അധ്യാപകരും, മൂന്ന് ലാബ് അസിസ്റ്റന്റുമാരും, രണ്ട് ഓഫീസ് സ്റ്റാഫുകളും ഇവിടെ ഉണ്ട്. ഉണ്ടായിരുന്ന മൂന്ന് കെട്ടിടങ്ങളില്‍ ഒന്ന് അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ വിദ്യാഭ്യാസ വകുപ്പ് പൊളിച്ച് മാറ്റിയത്. നിലവിലെ രണ്ട് കെട്ടിടങ്ങളില്‍ ഒന്നിന്റെ അവസ്ഥ പരിതാപകരമാണ്. തകരഷീറ്റ് മേഞ്ഞ കെട്ടിടമാണിത്. ഇതില്‍ ലാബും ക്ലാസ് മുറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അസൗകര്യങ്ങളെത്തുടര്‍ന്ന് മോഡല്‍ ഹൈസ്കൂളിലെ ക്ലാസ് മുറികള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് വിട്ടു നല്‍കിയിരുന്നെങ്കിലും പി.എസ്.സി പരീക്ഷകള്‍ പോലുള്ളവ നടക്കുമ്പോള്‍ ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ട അവസ്ഥയിലായിരുന്നു. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകുവെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണോദ്ഘാടനം ഉടന്‍ നടത്തുമെന്നും എം.എല്‍.എ പറഞ്ഞു.
വാഹനലേലം
കൊച്ചി: എറണാകുളം ലേബര്‍ കോടതിയുടെ ഉപയോഗത്തിലിരിക്കുന്ന കെ എല്‍ -07 ബിബി 5532 നമ്പര്‍ അംബാസിഡര്‍ കാര്‍ (2006 മോഡല്‍) ആഗസ്റ്റ് 20 രാവിലെ 11-ന് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുമെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
കരാറടിസ്ഥാനത്തില്‍ നിയമനം
കൊച്ചി: ഭാരതീയ ചികിത്സാവകുപ്പിന്റെ എറണാകുളം ജില്ലയിലെ സ്ഥാപനങ്ങളില്‍ അനുവദിച്ചിട്ടുള്ള താത്കാലിക തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 14-ന് തമ്മനത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തുന്നു. നഴ്സ് തസ്തികയിലേയ്ക്ക് എസ്എസ്എല്‍സി, ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ നഴ്സിംഗ് ട്രെയിനിംഗ് കോഴ്സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച രാവിലെ 11-ന്.
തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് എസ്എസ്എല്‍സി, ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-ന്. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയല്‍ രേഖയുടെയും അസ്സലും ഓരോ പകര്‍പ്പും സഹിതം ഹാജരാകണം.
പരാതികള്‍ രമ്യമായി പരിഹരിച്ച് പഞ്ചായത്തുതല ജനസമ്പര്‍ക്കം
രാമമംഗലം: പഞ്ചായത്തിന്റെ സേവനരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചും, വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിച്ചും പഞ്ചായത്ത്തല ജനസമ്പര്‍ക്കത്തിന് തുടക്കമായി. ജില്ലയില്‍ പഞ്ചായത്ത് വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി രാമമംഗലം പഞ്ചായത്തില്‍ പ്രസിഡന്റ് കെ.എ മിനി കുമാരി യുടെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ വിവിധ പരാതികളില്‍ പരിഹാരം കണ്ടു. ജനസമ്പര്‍ക്ക വേദിയില്‍ എത്തിയ പരാതികളില്‍ ഭൂരിഭാഗവും അതിര്‍ത്തി തര്‍ക്കങ്ങളും, വീടുകള്‍ക്കു ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ സംബന്ധിച്ചും ആയിരുന്നു. പല പരാതികളും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇടപെടലിലൂടെ രമ്യമായി പരിഹരിച്ചു.
വിട്ടുവീഴ്ച മനോഭാവത്തോടെ ബന്ധപ്പെട്ട കക്ഷികള്‍ വന്നാല്‍ പഞ്ചായത്തുതല ജനസമ്പര്‍ക്കത്തിലൂടെ പരാതികളില്‍ പരിഹാരം കണ്ടെത്തി സമയവും പണവും ലാഭിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. എ മിനി കുമാരി പറഞ്ഞു. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പഞ്ചായത്തിന്റെ സേവനരംഗം മെച്ചപ്പെടുത്തുന്നതിനും പഞ്ചായത്തിന്റെ ഇടപെടല്‍ ആവശ്യമായ മേഖലകള്‍ ജനങ്ങളില്‍ നിന്നും ആരാഞ്ഞുമുള്ള ചര്‍ച്ചയാണ് ആദ്യം നടന്നത്. തര്‍ക്ക പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തണമെന്ന ആവശ്യം ജനങ്ങള്‍ ഉന്നയിച്ചു.
ജനസമ്പര്‍ക്ക വേദിയില്‍ പരിഗണിച്ച 10 പരാതികളില്‍ 5 എണ്ണത്തില്‍ പരിഹാരം കാണുവാന്‍ സാധിച്ചു. പി.ഡബ്ല്യു.ഡി, റവന്യൂ, കെ.എസ്.ഇ.ബി, തുടങ്ങി വിവിധ വകുപ്പുകളില്‍ പരിഹരിക്കേണ്ട പരാതികള്‍ ബന്ധപ്പെട്ട വകുപ്പിന് പഞ്ചായത്ത് കൈമാറും. പഞ്ചായത്തില്‍ സദ്ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്വിസ്സ് മത്സരങ്ങള്‍, ചര്‍ച്ചകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
രാമമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്മിതാ എല്‍ദോസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം പൈലി, പഞ്ചായത്ത് സെക്രട്ടറി വി.സിന്ധു, കെ. ജെ ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം
ഐആര്‍ഡിപി/എസ്ജിഎസ്വൈ/കുടുംബശ്രീ ഓണം ബക്രീദ് വിപണനമേള ആഗസ്റ്റ് 19 മുതല്‍ 23വരെ സംഘടിപ്പിക്കും. ഇതിനായുള്ള സംഘാടനകസമിതി രൂപീകരണത്തിനായുള്ള യോഗം ആഗസ്റ്റ് 10 ഉച്ചയ്ക്ക് 2 ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേരും
- Log in to post comments