Skip to main content

കാലാനുസൃതമാറ്റങ്ങളിലൂടെ രജിസ്‌ട്രേഷന്‍ വകുപ്പിലെ ക്രമക്കേടുകള്‍  കുറയ്ക്കാനായി -മന്ത്രി ജി. സുധാകരന്‍

* ക്ഷേമനിധി ആനുകൂല്യങ്ങള്‍ പടിപടിയായി വര്‍ധിപ്പിക്കും
    ഇ-പേയ്‌മെന്റ്, ഇ-സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള കാലത്തിനനുസരിച്ച മാറ്റങ്ങളിലൂടെ ക്രമക്കേടുകള്‍ കുറയ്ക്കാനായതായി രജിസ്‌ട്രേഷന്‍-പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 
    ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് വര്‍ധിപ്പിച്ച ആനുകൂല്യങ്ങളുടെ വിതരണത്തിന്റെയും, ലൈസന്‍സികളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
    ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കാലാനുസൃതമായി പടിപടിയായി ഇനിയും കൂട്ടും. ചികിത്‌സാസഹായം 25,000 രൂപ വീതം അഞ്ച്തവണ നല്‍കിവരുന്നത് 50,000 രൂപ വീതമാക്കി വര്‍ധിപ്പിച്ചു. വിവാഹധനസഹായം 5,000 രൂപയായിരുന്നത് 10,000 രൂപയാക്കി. മരണാനന്തര ആനുകൂല്യം ഒരുലക്ഷം രൂപയായിരുന്നത് രണ്ടുലക്ഷമാക്കി ഉയര്‍ത്തി. പരമാവധി പെന്‍ഷന്‍ ആയിരത്തില്‍നിന്ന് രണ്ടായിരം രൂപയാക്കി. വിദ്യാഭ്യാസ വായ്പ മൂന്നുലക്ഷംവരെയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
    ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം കൂടി അനുവദിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ക്ഷേമനിധി നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ സംഘടനങ്ങളുടെ അഭിപ്രായമാരാഞ്ഞ് തീരുമാനിക്കും.
    ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാത്ത രീതിയില്‍ രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധുനികവത്കരണം നടത്തുന്നത്. ആധാരമെഴുത്ത് ഭാഷ ലളിതവും സുതാര്യവുമാകേണ്ടതുണ്ട്. ഇതിന് സംഘടനകള്‍ മുന്‍കൈയെടുക്കണം. ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഭാഗമായി വന്ന ഭാഷ സാധാരണക്കാര്‍ക്ക് മനസിലാകാത്തതാണ്. ആധുനികസാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനാകുംവിധം ആധാരമെഴുത്ത് ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിച്ച് പരിഷ്‌കരിക്കപ്പെടണം.
    രജിസ്‌ട്രേഷന്‍, പൊതുമരാമത്ത് വകുപ്പുകളില്‍ സമഗ്രമായ പരിഷ്‌കരണത്തിന് ലക്ഷ്യമിട്ടുള്ള നടപടികളാണ് കൈക്കൊണ്ടുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നികുതി വകുപ്പ് സെക്രട്ടറിയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനുമായ മിന്‍ഹാജ് ആലം അധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷന്‍ ഐ.ജി സി.എ. ലത, എ.കെ.ഡി.ഡബ്ല്യു. ആന്റ് എസ്.എ സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍, ബോര്‍ഡ് അംഗങ്ങളായ ആര്‍. രാജശേഖരക്കുറുപ്പ്, എന്‍.കെ. സുധാകരന്‍ നായര്‍, സി. വിഭൂഷണന്‍ നായര്‍, വി. അംബിക, ടി. മധു, ബോര്‍ഡ് സെക്രട്ടറി പി.കെ. സാജന്‍ കുമാര്‍, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരായ വി.എം. ഉണ്ണി, കെ.എന്‍. സുമംഗലാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.4956/17
 

date