Skip to main content
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരള കർമ പദ്ധതിയുമായി സഹകരിച്ച് നടത്തിയ നവകേരളം ഏകദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മാലിന്യ മുക്ത ജില്ലയ്ക്കായി നവകേരളം ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

പദ്ധതി സംയോജന സാധ്യതകള്‍ തുറന്ന് കാട്ടിയും മാലിന്യ മുക്ത ജില്ലയെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ചുവട് വെച്ചും നവകേരളം ഏകദിന ശില്‍പശാല. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിൽ, നവകേരള പദ്ധതിയുമായി സഹകരിച്ചാണ് ശില്‍പശാല നടത്തിയത്. തദ്ദേശസ്വയംഭരണ പ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, ആസൂത്രണ സമിതി പ്രവര്‍ത്തകര്‍ക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യാഥിതിയായി. പദ്ധതികള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകുമ്പോള്‍ നാടിന്റെ വികസന സാധ്യതകളാണ് തുറന്നിടുന്നതെന്നും നല്ല പദ്ധതികള്‍ രൂപീകരിക്കുവാനും സംയോജന സാധ്യതകള്‍ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയണമെന്നും പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണം സമയബന്ധിതമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍മാത്യൂ അധ്യക്ഷത വഹിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പദ്ധതികള്‍ തയ്യാറാക്കണമെന്നും മാതൃകാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണ രംഗത്തെക്കുറിച്ചും മഴക്കാല ശുചീകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മഴക്കാല ശുചീകരണം പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച വലിയപറമ്പ് പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ, സംയോജിത സാധ്യതകള്‍ എന്ന വിഷയത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്മോഹന്‍, വലിച്ചെറിയല്‍ മുക്ത കാമ്പയിന്‍ എന്ന വിഷയത്തില്‍ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ. ലക്ഷ്മി, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി.രഞ്ജിത് എന്നിവര്‍ ക്ലാസ്സെടുത്തു. നീരുറവ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍ എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.പ്രദീപന്‍, ലൈഫ് എന്ന വിഷയത്തില്‍ ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജെ. അലയ്ക്കാ പള്ളി, ജല ബജറ്റില്‍ നിന്നും ജലസുരക്ഷാ പ്ലാനിലേക്ക് എന്ന വിഷയത്തില്‍ അസി. എക്‌സി. എഞ്ചിനീയര്‍ ബി.എല്‍.ടി.സി. കണ്‍വീനര്‍ കാഞ്ഞങ്ങാട് എ.പി..സുധാകരന്‍, ഹരിത കേരളം മിഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, വൃത്തിയുള്ള പൊതുസ്ഥാപനങ്ങള്‍, ഗ്രേഡിംഗ് ഹരിത കര്‍മ്മസേന എന്ന വിഷയത്തില്‍ എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.ഹരിദാസ് എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് മോഡറേറ്ററായി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്വാഗതവും നവകേരളം കര്‍മ്മപദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ കെ.കെ.രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

date