Skip to main content

ജില്ലയുടെ സമഗ്രമുന്നേറ്റത്തിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്ത് നവകേരളം ഏകദിന ശില്‍പശാല

ത്രിതല പഞ്ചായത്തുകളില്‍ നടപ്പിക്കുന്ന പദ്ധതികളിലെ സംയോജന സാധ്യതകള്‍ വിശദീകരിച്ച് ശില്‍പശാല. സുസ്ഥിര വികസനം സാധ്യമാക്കാൻ  പ്രാദേശിക വികസനവും അര്‍ത്ഥവത്തായി നടപ്പാക്കാന്‍ ഏതൊക്കെ മേഖലകളില്‍ എന്തൊക്കെ തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്ന് കാസര്‍കോട് വികസന പക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്‌മോഹന്‍ പറഞ്ഞു. നദികളുടെ സംരക്ഷണം, ജലസംരക്ഷണത്തിന്റെ ആവശ്യകത, നീര്‍ച്ചാലുകള്‍ സംരക്ഷിക്കേണ്ട ആവശ്യകത തുടങ്ങിയവ അദ്ദേഹം തുറന്നു കാട്ടി. കൃഷിയുടെ മാര്‍ക്കറ്റിനെക്കുറിച്ചും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിലകിട്ടാത്തതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സംയോജിത സാധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരെ സഹായിക്കാന്‍ കാസര്‍കോട് വികസനപാക്കേജും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംരക്ഷിച്ചു വയ്ക്കാനായി പെരിയയില്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് തുടങ്ങും. അതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജില്ലയില്‍ ചെങ്കല്ലുകളുടെ ലഭ്യത കൂടതലാണെന്നും ചെങ്കല്ലുപയോഗിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍  വികസന- ക്ഷേമ പദ്ധതികളില്‍ കാര്‍ഷിക മേഖല, വ്യവസായം, ക്ഷീരോത്പാദന മേഖല, ടൂറിസം മേഖല തുടങ്ങിയവയിലെ സംയോജിത സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

നമ്മുടെ ജില്ലയുടെ പോക്ക് എങ്ങോട്ടാണെന്നും മാലിന്യ സംസ്‌കരണം എങ്ങനെയാണെന്നും വിശദീകരിച്ചായിരുന്നു വലിച്ചെറിയല്‍ മുക്ത കാമ്പയിന്‍ എന്ന വിഷയത്തിലെ ക്ലാസ്. ഉറവിട മാലിന്യം സംസ്‌കരണത്തിന്റെ പ്രധാന്യം ശില്‍പശാലയില്‍ ചര്‍ച്ചയായി. ഉത്സവ കാലമായതിനാല്‍ തന്നെ ആഘോഷ വേളകളിലെ മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരണം നടത്തണമെന്ന് ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.വി.രഞ്ജിത് എന്നിവര്‍ വിശദീകരിച്ചു.

നീരുറവ് പദ്ധതി മാസ്റ്റര്‍ പ്ലാന്‍ എന്ന വിഷയത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.പ്രദീപന്‍ ക്ലാസ് നയിച്ചു. നവകേരളം കര്‍മപദ്ധതിയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂന്നി വേണം ജലസംരംക്ഷണ പദ്ധതികള്‍ രൂപീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. നീരുറവ് അടക്കമുള്ള ജലസംരക്ഷണം പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുക വഴി 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൂടി നടപ്പാകുന്നു. ജില്ലയില്‍ നീരുറവ് ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. നീരുറവ് പദ്ധതി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതും അദ്ദേഹം വിശദീകരിച്ചു. ജലബജറ്റില്‍ നിന്നും ജലസുരക്ഷാ പ്ലാനിലേക്ക് എന്ന വിഷയത്തില്‍ ബി.എല്‍.ടി.സി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ എ.പി.സുധാകരന്‍ ക്ലാസ് എടുത്തു. ജലബജറ്റ് തയ്യാറാക്കുന്നതിനു മുന്നോടിയായി ജലലഭ്യത, ജല വിനിയോഗം എന്നിവ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം അതിനുവേണ്ട ബജറ്റ് കണ്ടെത്തണം. ജലസംരക്ഷണത്തിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ജല ഉപയോഗം ക്രമപ്പെടുത്തുകയാണ് ആദ്യപടി. നിലവില്‍ നടത്തിവരുന്ന വിളകളും കൃഷിരീതികളിലും മാറ്റം വരുത്തണം. കാര്‍ഷിക കലണ്ടറുകള്‍ തയ്യാറാക്കി ജല ഉപയോഗം ക്രമപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജെ. അലയ്ക്കാ പള്ളി ക്ലാസ് എടുത്തു. ലൈഫ് ഭവന പദ്ധതിയില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹം വിശദീകരിച്ചു.

ഹരിതകേരളം മിഷന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ സംസാരിച്ചു. മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ജില്ലയ്ക്ക് ആവശ്യമായ പച്ചക്കറി ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തണം. സ്‌കൂളുകളില്‍ ഹരിത സമൃദ്ധി എന്ന പേരില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണം. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അവരുമായി സഹകരിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള പദ്ധതികളും തയ്യാറാക്കണം. ഒപ്പം ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

date