Skip to main content

ഓരോ വ്യക്തിയും ജല അംബാസിഡര്‍മാരായി മാറണം : മന്ത്രി റോഷി അഗസ്റ്റിന്‍

 

ജലസംരക്ഷണം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്നും ജനങ്ങൾ ഓരോരുത്തരും ജല അംബാസിഡര്‍മാരായി മാറണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ ജല ശുചിത്വമിഷനും ജല്‍ജീവൻമിഷന്‍ പദ്ധതി നിര്‍വഹണ സഹായ ഏജന്‍സികളും സംയുക്തമായി സംഘടിപ്പിച്ച ജലദിനാചരണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ജലത്തിന്റെ ലഭ്യത വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇന്ന് സുലഭമായി ലഭിക്കുന്ന ജലം നാളെ കിട്ടുമെന്നതില്‍ ഉറപ്പില്ല. ജലത്തിനായി പരക്കം പായുന്ന ഒരു ജനത ഭാവിയില്‍ ഉണ്ടാവാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനായി ഇപ്പോഴേ നാം മുന്‍കരുതല്‍ എടുക്കണം. ഓരോ വ്യക്തികളും ജലസംരക്ഷണത്തിന്റെ സന്ദേശവാഹകരായി മാറണമെന്നും മന്ത്രി പറഞ്ഞു. 

പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ജലദിന സന്ദേശം നല്‍കി. 

ജലം, പരിസ്ഥിതി മേഖലകളില്‍ അനുവര്‍ത്തിക്കേണ്ട നല്ല ശീലങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ത്വരിത പ്രയാണം എന്നുള്ളതാണ് ഈ വര്‍ഷത്തെ ജലദിനാചരണത്തിന്റെ ലക്ഷ്യം.

നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി പി.ശാരുതി മുഖ്യാതിഥിയായി. നിര്‍വ്വഹണ സഹായ ഏജന്‍സി പ്ലാറ്റ് ഫോം ചെയര്‍മാന്‍ തുളസീധരന്‍ പിള്ള മുഖ്യ പ്രഭാണം നടത്തി.

വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറും ജില്ല ജല ശുചിത്വ മിഷന്‍ മെമ്പര്‍ സെക്രട്ടറിയുമായ അരുണ്‍ കുമാര്‍ എ അധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ സഹായ ഏജന്‍സി പ്ലാറ്റ് ഫോം ചെയര്‍പേഴ്‌സണ്‍ അഡ്വ. ജാനകി പി, ഐ.എസ്.എ സ്റ്റേറ്റ് പ്ലാറ്റ്‌ഫോം വൈസ് ചെയര്‍മാന്‍ പി.പി തോമസ്, ജനറല്‍ സെക്രട്ടറി ആന്റണി കുന്നത്ത്, ട്രഷറര്‍ നിഷ.കെ തുടങ്ങിയവര്‍ സംസാരിച്ചു.

date