Skip to main content

നാദാപുരത്ത് കുടുംബശ്രീ 100 ശതമാനം ബാങ്ക് ലിങ്കേജിലേക്ക്  

 

മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ബാങ്കുമായി ലിങ്ക് ചെയ്യുക വഴി 100 ശതമാനം ബാങ്ക് ലിങ്കേജിങ്  ഉറപ്പുവരുത്താൻ നാദാപുരം ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ വിലയിരുത്തൽ സമിതി യോഗത്തിലാണ് തീരുമാനമായത്. 

പഞ്ചായത്തിൽ നിലവിലുള്ള 431 കുടുംബശ്രീ യൂണിറ്റുകളിൽ 360 എണ്ണം ബാങ്കുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 71 അയൽക്കൂട്ടങ്ങളെ ബാങ്കുമായി ലിങ്ക് ചെയ്യുക വഴി 100 ശതമാനം ബാങ്ക് ലിങ്കേജിലേക്ക് എത്തിക്കാമെന്ന് യോഗം വിലയിരുത്തി. കുടുംബശ്രീ വനിതകൾക്ക് വേണ്ടി 100 നാനോ ടൈലറിംഗ് യൂണിറ്റ് ആരംഭിക്കും. പഞ്ചായത്തിലെ വിവിധ സംരംഭകർ ഉൽപ്പാദിപ്പിക്കുന്നതും വിപണനം ലഭ്യമല്ലാത്തതുമായ ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റിംഗ് കണ്ടെത്തുന്നതിന് കമ്മ്യൂണിറ്റി സെല്ലർ ഗ്രൂപ്പ് ഉണ്ടാക്കി "നാടൻ "എന്ന ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണനം നടത്തും. ഇതിനായി കൃഷി വിജ്ഞാന കേന്ദ്രത്തിൽ സ്ത്രീകൾക്ക് പരിശീലനം ലഭ്യമാക്കുവാനും അതിനോടൊപ്പം  ഇളനീർ പന്തൽ ആരംഭിക്കുന്നതിന് തെങ്ങുകൾ പാട്ടത്തിനെടുക്കുന്ന പദ്ധതി ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി റീജ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനിത ഫിർദൗസ്‌ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, മെമ്പർമാരായ  ടി റീന, ആയിഷ ഗഫൂർ, സുമയ്യ പാട്ടത്തിൽ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, അക്കൗണ്ടന്റ് കെ സിനിഷ തുടങ്ങിയവർ സംസാരിച്ചു.

date