Skip to main content

ജലദിനം : ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 

 

കോഴിക്കോട് ജില്ലാ ജല ശുചിത്വ മിഷനും ജൽ ജീവൻ മിഷൻ പദ്ധതി നിർവഹണ സഹായ ഏജൻസികളും ജല ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സെമിനാർ, ക്വിസ് മത്സരം, നാടകം, തുടങ്ങിയ പരിപാടികളാണ് നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചത്. 

ജില്ലാ തലത്തിൽ, "ജലവും പരിസ്ഥിതിയും" എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ദേവഗിരി കോളേജ് വിദ്യാർത്ഥി ഗൗതമി എം.എസ്  ഒന്നാം സ്ഥാനം നേടി. ഗവൺമെൻ്റ് ഹോമിയോപ്പതിക് കോളേജിലെ അഫ്നാൻ എം.പിക്കാണ്  രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം മൂന്ന് പേർ പങ്കിട്ടു. 

"കുടിവെള്ളം- ശുചിത്വം പ്രശ്ന പരിഹരത്തിലേക്ക് ഇനി എത്രദൂരം" എന്ന വിഷയത്തിൽ ഉത്തരമേഖല കേരള വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഡോ. പി. ഗിരീശൻ സംസാരിച്ചു. ജില്ലയിലെ കുടിവെളളക്ഷാമം പരിഹരിക്കാൻ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങളിൽ ജല സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉൾപ്പെടുത്തണം. ഡാമുകളിലേക്ക് വെള്ളം ഒഴുകി എത്തുന്ന വിവിധ ശ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണെന്നും ഡോ. പി. ഗിരീശൻ പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകനും ഹരിയാലി പ്രോജക്ട് ഡയറക്ടറുമായ മണലിൽ മോഹനൻ, "മാലിന്യ സംസ്കരണവും, പരിസ്ഥിതിയും- നല്ല ശീലങ്ങൾ, നല്ല മാതൃകകൾ" വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി.

തുടർന്ന് ജില്ലയിലെ ഹർ ഘർ ജൽ പഞ്ചായത്തുകളായ കുന്നുമ്മൽ, തുറയൂർ പഞ്ചായത്തുകളിലെ ഭരണ സാരഥികൾ അവരുടെ അനുഭവം പങ്കുവെച്ചു. കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിർവഹണ സഹായ ഏജൻസികളുടെ അനുഭവങ്ങളും  പങ്കുവെച്ചു.

date