Skip to main content

ഗുരുവായൂർ തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട് 26ന് നാടിന് സമർപ്പിക്കും

മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും  ഗുരുവായൂർ തൈക്കാട് ഭഗത് സിങ്ങ് ഗ്രൗണ്ട്

കായിക മേഖലയ്ക്ക് ഊർജ്ജം പകരുന്ന വികസന പദ്ധതികളുമായി ഗുരുവായൂർ നഗരസഭ കുതിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 90 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ തൈക്കാട്  ഭഗത് സിങ്ങ് ഗ്രൗണ്ട്  26ന് കാലത്ത് 10 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുരളി പെരുനെല്ലി അധ്യക്ഷത  വഹിക്കും.   

എട്ടാം വാർഡിൽ പഴയ പഞ്ചായത്ത് ഗ്രൗണ്ടിൽ ആധുനിക രീതിയിൽ നിർമ്മിച്ച ഭഗത് സിംഗ് ഗ്രൗണ്ട്  നഗരസഭയുടെ രണ്ടാമത്തെ കായിക ഇടമാണ്. കായികപ്രേമികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഉപകാരപ്രദമാകും വിധമാണ് ഗ്രൗണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. സെവൻസ് ഫുട്ബോൾ കോർട്ട് ക്രിക്കറ്റ് നെറ്റ്സ്, ഷട്ടിൽ കോർട്ട്, സിന്തറ്റിക്ക് ട്രാക്ക്, അമിനിറ്റി ബ്ലോക്ക്, ഗ്രൗണ്ടിനോട് ചേർന്ന് ഓപ്പൺ ജിംനേഷ്യം എന്നീ സൗകര്യങ്ങൾ ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.

ഗ്രൗണ്ടിന് വേണ്ടി പ്രയത്നിച്ച മുൻ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ എൻ കുഞ്ഞുമുഹമ്മദിനെ ചടങ്ങിൽ ആദരിക്കും. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം മനോജ്, എ സായിനാഥൻ മാസ്റ്റർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, സെക്രട്ടറി ബീന എസ് കുമാർ, അസി. എക്സി. എഞ്ചിനീയർ ഇ ലീല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

date