Skip to main content

എസ്. സി - എസ്. ടി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍  പഠനമുറി പദ്ധതി: മന്ത്രി എ. കെ. ബാലന്‍

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വീടിനോട് ചേര്‍ന്ന് പഠനമുറിയും പട്ടികവര്‍ഗ ഊരുകളില്‍ കമ്മ്യൂണിറ്റി പഠനമുറിയും ഒരുക്കുന്നതിലൂടെ പഠനനിലവാരം ഉയര്‍ത്താന്‍ സാധിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക സമുദായ ക്ഷേമ മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ എം. ആര്‍. എസ്, ഹോസ്റ്റല്‍ കായികമേള കളിക്കളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 25000 പഠനമുറികള്‍ ഒരുക്കും. രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്ന കമ്മ്യൂണിറ്റി പഠനമുറികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും. ഇതില്‍ ഷെല്‍ഫ്, കമ്പ്യൂട്ടര്‍, മേശ, കസേര എന്നിവയുണ്ടാവും. 

ആദിവാസി വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. ടി. ടി. സി, ബി. എഡ് യോഗ്യതയുള്ള ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലയില്‍ ജോലി നല്‍കിയിരുന്നു. ഇത് കേരളം മുഴുവന്‍ വ്യാപിപ്പിക്കും. ആദിവാസി കുട്ടികള്‍ക്ക് അവരുടെതന്നെ ഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്. ഈ വിഭാഗത്തില്‍ നിന്നുള്ള അദ്ധ്യാപകരെ നിയോഗിക്കുന്നതിലൂടെ ഇത് സാധ്യമാകും. എസ്. എസി, എസ്. ടി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ കായികരംഗത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കൂടുതല്‍ കായിക എം. ആര്‍. എസുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജ് പരിസരത്ത് ഒരു കായിക എം. ആര്‍. എസ് സ്ഥാപിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ ഒരെണ്ണം പരിഗണനയിലാണ്. എല്ലാ എം. ആര്‍. എസുകളിലും കായികാധ്യാപകരെ നിയമിക്കും. എം. ആര്‍. എസുകളിലെയും ഹോസ്റ്റലുകളിലെയും ഭക്ഷണത്തിന്റെയും വൃത്തിയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രിയും വിശിഷ്ട വ്യക്തികളും ചേര്‍ന്ന് വിതരണം ചെയ്തു.  ചാലക്കുടി എം.ആര്‍.എസ് ഓവര്‍ ആള്‍ ചാമ്പ്യന്‍മാരും കാസര്‍കോഡ് എം.ആര്‍.എസ് റണ്ണേഴ്‌സ് അപ്പുമായി.

പട്ടികജാതി -വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ല കളക്ടര്‍ ഡോ. കെ. വാസുകി, കായിക വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, തിരുവനന്തപുരം എല്‍. എന്‍. സി. പി. ഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍ എന്നിവര്‍ പങ്കെടുത്തു. 

പി.എന്‍.എക്‌സ്.4958/17

date