Skip to main content
budget

'ലൈഫ്' ലൈവാക്കാന്‍ ജില്ലാ പഞ്ചായത്ത്

ബജറ്റില്‍ ലൈഫ് പദ്ധതി, ജെന്‍ഡര്‍ സൗഹൃദം, സംരംഭം എന്നിവയ്ക്ക് ഊന്നല്‍
ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ക്കായി 40 ലക്ഷം
ലൈഫ് ഭവന പദ്ധതി, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കി 2023-24 സാമ്പത്തിക വര്‍ഷത്തെ ആലപ്പുഴ ജില്ല പഞ്ചായത്ത് ബജറ്റ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് ഭൂമിക എന്നു പേരുനല്‍കിയ ബജറ്റ് അവതരിപ്പിച്ചത്. ആകെ 124,74,78,432 രൂപ വരവും 122,98,60,000 രൂപ ചെലവും 1,76,18,432 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണു അവതരിപ്പിച്ചത്. ലൈഫ് ഗുണഭോക്താക്കള്‍ക്ക് ജില്ലാപഞ്ചായത്ത് വിഹിതം നല്‍കുന്നതിനായി 9.36 കോടി രൂപയും അതിദരിദ്രര്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കുന്നതിനായി 10 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. ഇതിന് പുറമേ പ്രധാനമന്ത്രി ആവാസ് യോജനയുടെ നിര്‍വഹണത്തിന് അധിക വിഹിതം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്‍കാനായി 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വികസനത്തിന് 15.07 കോടിയും പട്ടിക വര്‍ഗ വികസനത്തിന് 65.24 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്. 
ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

പ്രാദേശിക സമ്പത്തിക വികസനത്ത് 3.5 കോടി 

മിനി ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 50 ലക്ഷം രൂപയും തൊഴില്‍ദായക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 45 ലക്ഷം രൂപയും കുടുംബശ്രീ ഗ്രൂപ്പുകളുടെ ഉല്‍പന്നങ്ങള്‍ പ്രത്യേകം ബ്രാന്റാക്കി വിപണനം ചെയ്യാന്‍ പൊതുവിപണന കേന്ദ്രം സ്ഥാപിക്കുന്നതിനായി 25 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. 

വിദ്യാഭ്യാസ മേഖലയ്ക്ക് 13.19 കോടി 

സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കരുതലോടെ കൂടൊരുക്കാം പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപയും സ്‌കൂളുകള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കാനായി 25 ലക്ഷം രൂപയും വിദ്യാര്‍ഥികളുടെ പ്രത്യേക കായിക പരിപാടിക്കായി 42 ലക്ഷം രൂപയും മാരകരോഗം ബാധിച്ച സ്‌കൂള്‍ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പ് വരുത്താനായുള്ള സ്നേഹപൂര്‍വ്വം പദ്ധതിക്ക് 10 ലക്ഷം രൂപയും ടര്‍ഫ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ 

ആരോഗ്യമേഖലയ്ക്കായി 6.15 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനായി 40 ലക്ഷം രൂപയും വനിതകള്‍ക്ക് ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തി തുടര്‍ചികിത്സ ഉറപ്പാക്കുന്ന കാവല്‍ പദ്ധതിക്ക് 40 ലക്ഷവും നീക്കിവെച്ചു. വൃക്കരോഗികള്‍ക്ക് ഡയാലിസിസ് നടത്തുന്നതിനും അവയവമാറ്റത്തിന് വിധേയരായവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കാനും പഞ്ചായത്തുകള്‍ക്ക് സഹായം നല്‍കാനായി ഒരുകോടി രൂപയും നീക്കിവച്ചു.

കാര്‍ഷിക മേഖലയ്ക്കും കൈത്താങ്ങ് 

നെല്‍ക്കൃഷിക്ക് കൂലിച്ചെലവ് സബ്സിഡിക്കായി 1.25 കോടി രൂപയും കര്‍ഷകത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഗ്രീന്‍ ആര്‍മി രൂപീകരിക്കുന്നതിനായുള്ള ഹരിതകിരണം പദ്ധതിക്ക് 10 ലക്ഷം രൂപയും കൃഷി ഫാമുകളുടെ വികസനത്തിനായി 50 ലക്ഷം രൂപയും ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്കായി ആകെ 5.95 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.  

സാമൂഹികക്ഷേമത്തിന് 3.6 കോടി 

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി ഒരുകോടി രൂപയും അംഗണവാടികളുടേയും പകല്‍വീടുകളുടേയും പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് വയോജനങ്ങളും കുട്ടികളുമായുള്ള ആശയവിനിമയം ഉറപ്പാക്കുന്ന മുഖമൊഴി പദ്ധതിക്ക് 70 ലക്ഷം രൂപ. ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കുന്നതിനായി 55 ലക്ഷം, ബ്ലോക്ക് അടിസ്ഥാനത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള അനുയാത്ര പദ്ധതിക്കായി 15 ലക്ഷം രൂപ എന്നിവയും മാറ്റിവച്ചു. 

വനിതാ-ശിശു വികസനം 

ഷീ ഫിറ്റ്നസ് സെന്റര്‍ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും വീട്ടമ്മമാര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് അറിവും പരിശീലനവും നല്‍കുന്നതിനായുള്ള സ്മാര്‍ട്ട് വിമന്‍ പദ്ധതിക്ക് 10 ലക്ഷം രൂപയും വകയിരുത്തി. 

എസ്.എല്‍. പുരത്തിന് സ്മൃതി മണ്ഡപം 

എസ്.എല്‍. പുരം സ്മാരക സ്മൃതി മണ്ഡപത്തിന് 10 ലക്ഷം രൂപയും തോപ്പില്‍ഭാസി സ്മാരക കലാ-പഠന കളരിക്കായി 10 ലക്ഷം രൂപയും നീക്കിവച്ചു.

(ചിത്രമുണ്ട്)

(പി.ആര്‍./എ.എല്‍.പി./771)

ഫിലിം സൊസൈറ്റിയും ഷോര്‍ട്ട് ഫിലിം ഫെസ്റ്റും
--------
ആലപ്പുഴ: ജില്ലയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമായി ഫിലിം സൊസൈറ്റി രൂപീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് ബജറ്റ് പ്രഖ്യാപനം. വനിതകള്‍ തയ്യാറാക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ബജറ്റ്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് മാറ്റിവെച്ചത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടേയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ജില്ലയിലെ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആലപ്പി സിനിമാസ് എന്ന ഈ കൂട്ടായ്മയില്‍ ഉയര്‍ന്നു വന്ന ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ തുക പ്രഖ്യാപിച്ചിരിക്കുന്നത്.

date