Skip to main content
ഫോട്ടോ അടിക്കുറിപ്പ്- കോന്നി എംഎല്‍എ- ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍ പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി  അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ചര്‍ച്ച നടത്തുന്നു.

ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കും: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

ഇറപ്പുകുഴി പ്രമാടം ക്ഷേത്രം റോഡ് വാഴമുട്ടം എല്‍ പി സ്‌കൂള്‍ ജംഗ്ഷന്‍ വരെ ആധുനിക നിലവാരത്തില്‍ വികസിപ്പിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രധിനിധി കളുടെയും യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഇതോടെ ഉന്നത നിലവാരത്തില്‍ നിര്‍മിച്ച മൂന്നു പൊതുമരാമത്ത് റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന റോഡായി മാറും. കോന്നി - ചന്ദനപ്പള്ളി റോഡില്‍ നിന്നും വള്ളിക്കോട് വാഴമുട്ടം എല്‍ പി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പ്രമാടം ക്ഷേത്രം ജംഗ്ഷനില്‍ എത്തി പൂങ്കാവ് പത്തനംതിട്ട റോഡില്‍ കൂടി മറൂര്‍ ആല്‍ ജംഗ്ഷനില്‍ നിന്നും ഇരപ്പ്കുഴി  വഴി ളാക്കൂര്‍ മല്ലശേരി റോഡില്‍ എത്തി ചേരുന്ന റോഡിനു 4.5 കിലോമീറ്റര്‍ ദൂരമാണുള്ളത്. ബി എം ബി സി സാങ്കേതിക വിദ്യയില്‍ ഉന്നത നിലവാരത്തില്‍ ഏഴു കോടി രൂപയാണ് അനുവദിച്ചത്. അഞ്ചര മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ ഇരു വശങ്ങളിലും  ആവശ്യമായ സ്ഥലങ്ങളിലും ഓടയും ഐറിഷ് ഓടയും കലുങ്കുകളുടെ പുനര്‍ നിര്‍മാണവും റോഡ് സുരക്ഷ പ്രവര്‍ത്തികളും ഉള്‍പ്പെടുത്തിയാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. ഇതോടെ പത്തനംതിട്ട ടൗണില്‍ നിന്നും പ്രമാടം വള്ളിക്കോട് പഞ്ചായത്തിലെ പൂങ്കാവ്, വാഴമുട്ടം, മല്ലശേരി ജംഗ്ഷന്‍, താഴൂര്‍ ഭാഗങ്ങളുമായി പരസ്പരം ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണ പൂര്‍ത്തികരണത്തോടെ പ്രദേശത്തെ വികസന പ്രവര്‍ത്തികള്‍ക്ക്  വേഗതയേറും. റോഡ് നിര്‍മാണം മേയ് മാസത്തോടെ ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു.
യോഗത്തില്‍ എം എല്‍ എ യോടൊപ്പം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, പ്രമാടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹനന്‍ നായര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ഷീന രാജന്‍, അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബു രാജന്‍, അസി. എന്‍ജിനീയര്‍ രൂപക്ക് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.       (പിഎന്‍പി 926/23)
 

date