ദേശീയപാത സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും- കളക്ടര്‍
ദേശീയപാത സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ അമിത് മീണ. ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ ത്രീഡി വിജ്ഞാപനം ഇറക്കി. പൊന്നാനിയില്‍ ഈ മാസം മുപ്പതിനകം ഇറക്കും. ഏറ്റെടുക്കുന്ന ഭൂമികളിലെ എല്ലാ നിര്‍മ്മിതികളുടെയും, കൃഷി, മരങ്ങള്‍ എന്നിവയുടെയും വില നിര്‍ണ്ണയം തുടങ്ങി. മുഴുവന്‍ താലൂക്കുകളിലും ഈ മാസം തന്നെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഓരോ ഭൂവുടമകളെയും നഷ്ടപരിഹാരം എത്രയാണെന്നു അറിയിക്കും. അതോടൊപ്പം ഉടമസ്ഥാവകാശ രേഖകളുടെ പരിശോധനയും താലൂക്ക് തലങ്ങളില്‍ നടക്കും. ജില്ലയില്‍ ആകെ 74 കിലോമീറ്റര്‍ ദൂരമാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കാനുള്ളത്.
ഇതുവരെയുള്ള പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കിയ സ്ഥലമേറ്റെടുക്കുന്ന പ്രത്യേക സംഘത്തെ അഭിനന്ദിച്ചാണ് കളക്ടര്‍ യോഗം ആരംഭിച്ചത്. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ സാഥെ, ലൈസണ്‍ ഓഫീസര്‍ പി.പി.എം.അഷ്‌റഫ്, ദേശീയ പാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. മുഹമ്മദ് ഇസ്മായില്‍, ദേശീയപാത കണ്‍സള്‍ട്ടന്റ് ഇ.സി മോഹനന്‍, തഹസില്‍ദാര്‍മാര്‍, ദേശീയപാത സ്ഥലമെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യാഗസ്ഥര്‍, കൃഷി, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments