Skip to main content

എറണാകുളം അറിയിപ്പുകള്‍ 1

തുല്യതാ കോഴ്‌സ് : അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി ഇന്ന് (ആഗസ്റ്റ് 10)

കൊച്ചി: സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താംതരം തുല്യത, ഹയര്‍സെക്കന്ററി തുല്യത എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ ഇനി ഒരു ദിവസം മാത്രം. ആഗസ്റ്റ് 10-ന് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാനതീയതിയാണ്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക 9946820950

 

ഗ്‌ളൂക്കോമീറ്റര്‍ വിതരണം

കാക്കനാട്: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ബി.പി. എല്‍ വിഭാഗത്തില്‍പ്പെടുന്ന പ്രമേഹരോഗികള്‍ക്ക് വയോമധുരം  പദ്ധതി പ്രകാരം സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ പ്രമേഹരോഗിയാണെന്നു ഗവ/എന്‍ആര്‍എച്ച്എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത രേഖ, ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്നുള്ള ബി.പി.എല്‍  പരിധിയില്‍പ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ സാമൂഹിക നീതി ഓഫീസുമായോ  അതത് ബ്ലോക്കുകളിലെ ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെട്ട് അപേക്ഷ നല്‍കണം. അപേക്ഷാഫോറം ശിശു വികസന ഓഫീസില്‍ നിന്നും ലഭിക്കും.

 

ജിഎസ്ടി മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് 31 വരെ അവസരം

 

കാക്കനാട്:  പലകാരണങ്ങളാല്‍ ജി എസ് ടി യിലേക്ക് മൈഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് ഓഗസ്റ്റ് 31 നകം ജിഎസ്ടി രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാകുന്നതിന് അവസരം. ഇതിനായി,  കേരള മൂല്യവര്‍ദ്ധിത നികുതി, സേവന നികുതി, ആഡംബര നികുതി തുടങ്ങിയ നിയമപ്രകാരം രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന വ്യാപാരികളും വ്യക്തികളും ജിഎസ്ടിയിലേകക് മൈഗ്രേറ്റ് ചെയ്യാനായി താല്‍ക്കാലികമായി ലഭിച്ച ഐ ഡി  നമ്പര്‍, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ജിഎസ്ടി ക്ക് മുമ്പുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍  തുടങ്ങിയ വിവരങ്ങളുമായി അതത് പ്രദേശത്തെ ജിഎസ്ടി ഓഫീസുമായി ബന്ധപ്പെടണം.

 

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു.

 

കൊച്ചി:  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയല്‍  ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017 18 അധ്യയനവര്‍ഷം നാല്, ഏഴ്  ക്ലാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.  തെരഞ്ഞെടുക്കുന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനാവശ്യമായ മുഴുവന്‍ ചെലവുകളും പ്രതിമാസ സ്‌റ്റൈപ്പന്റാേടുകൂടി സര്‍ക്കാര്‍ വഹിക്കും.  അപേക്ഷകര്‍ സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവരും 4,7 ക്‌ളാസുകളിലെ വാര്‍ഷികപരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡും ഉള്ളവരുമായിരിക്കും. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പട്ടികജാതിയില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന വേടന്‍, വേട്ടുവന്‍, നായാടി തുടങ്ങിയവര്‍ക്ക് പ്രതേ്യക പരിഗണനയുണ്ട്.  താല്പര്യമുള്ളവര്‍ പേര്,  മേല്‍വിലാസം, ജാതി, ജനനതീയതി, പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, ലഭിച്ച മാര്‍ക്ക്, രക്ഷിതാവിന്റെ പേരും, മേല്‍വിലാസവും, ഫോണ്‍നമ്പര്‍, ജോലി, കുടുംബവാര്‍ഷിക വരുമാനം, എന്നിവ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതിദ വരു#ാന സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഷികപരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 15ന് മുമ്പായി അതാത് ബ്ലോക്ക് പഞ്ചായത്ത്/  മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

 

പട്ടികജാതി വനിതകള്‍ക്ക്  സംരംഭകത്വ വികസന പരിശീലന പരിപാടിയും സ്വയംതൊഴില്‍ വായ്പയും

 

കൊച്ചി: 25 മുതല്‍ 50 വയസ്സുവരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ പെടുന്ന വിധവകള്‍ക്കായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഈ മാസം ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതര്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി വികസന കോര്‍പ്പറേഷന്‍ മുഖേന 4% പലിശയില്‍ 10 രൂപവരെ സ്വയംതൊഴില്‍ വായ്പയായി നല്‍കും. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം  മൂന്നുലക്ഷം രൂപയില്‍ താഴെയായിരിക്കണം. ഉദ്യോഗസ്ഥ/ വസ്തു ജാമ്യം നല്‍കേണ്ട ഈ വായ്പക്ക് ഏഴു വര്‍ഷമാണ്  തിരിച്ചടവ് കാലാവധി. 

താല്പര്യമുള്ളവര്‍ www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും  അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമുള്ള രേഖകള്‍ സഹിതം ഈ മാസം 20ന് മുമ്പായി എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, ലിയോണ്‍സ് അപ്പാര്‍ട്ട്‌മെന്റ്, 41/4104 എ, സരിത തീയേറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം, കൊച്ചി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484  2394932. ഇമെയില്‍ roekm@kswdc.org

 

 

ഭക്ഷ്യ സംസ്‌ക്കരണം, ബേക്കറി മേഖലയില്‍ സൗജന്യ പരിശീലനം

 

കാക്കനാട്: ഭക്ഷ്യ സംസ്‌കരണ - ബേക്കറി മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തില്‍ 20 ദിവസത്തെ സൗജന്യ നൈപുണ്യ പരിശീലനം. 45 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. താല്പര്യമുള്ളവര്‍  തിരിച്ചറിയല്‍ രേഖ, ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച (20/08/2018) രാവിലെ 11 മണിക്ക് കാക്കനാടുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വച്ചുനടക്കുന്ന അഭിമുഖത്തില്‍  പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2421360

 

കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍: രജിസ്‌ട്രേഷന്‍ കിറ്റ് ഇന്ന് മുതല്‍ നല്കും

കൊച്ചി : ഈ മാസം ആഗസ്ത് 12-ന് നടക്കുന്ന കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണിന്റെ 21 കിലോമീറ്റര്‍ ഹാഫ് മാരത്തോണിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഓണ്‍ലൈനിലും കച്ചേരിപ്പടിയിലെ സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലിലും രജിസ്‌ട്രേഷനുകള്‍ നടന്നു. മാരത്തോണിനു വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ കായികതാരങ്ങളേയും ഇന്‍ഷ്വര്‍ ചെയ്യുന്നതായി മാരത്തോണ്‍ കമ്മിറ്റി കണ്‍വീനര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത് അറിയിച്ചു. മാരത്തോണിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ആഗസ്റ്റ് 10 വൈകിട്ട് 5 മുതല്‍ 8 വരെയും ആഗസ്റ്റ് 11 രാവിലെ 10 മണി മുതലും എറണാകുളം കച്ചേരിപ്പടിയിലുള്ള സോണല്‍ എക്‌സൈസ് കോംപ്ലക്‌സിലെ മാരത്തണ്‍ സെല്ലില്‍ തിരിച്ചറിയല്‍ രേഖകളുമായി നേരിട്ടെത്തി ബിബ്, രജിസ്‌ട്രേഷന്‍ കിറ്റ് എന്നിവ വാങ്ങിക്കണം. മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 12 രാവിലെ അഞ്ചിനും ഫണ്‍ റണ്ണിനു പേരു നല്‍കിയിട്ടുള്ളവര്‍ രാവിലെ ആറിനും എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ടു ചെയ്യണം. ഫണ്‍ റണ്ണിനുള്ളവര്‍ക്ക് തുടര്‍ന്നും www.vimukthimarathon.kerala.gov.in -ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. 

 

തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ ഒ.പിയും സൗജന്യ ചികിത്സയും നടത്തുന്നു. തൈറോയ്ഡ് രോഗങ്ങള്‍ക്കുള്ള സൗജന്യചികിത്സ ആശുപത്രിയിലെ സ്വസ്ഥവൃത്തം വിഭാഗത്തില്‍ (ഒ.പി നമ്പര്‍ 7) എല്ലാ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മണിമുതല്‍ ഒരു മണിവരെ. പ്രായം 20നും 50നും മദ്ധ്യേ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 8289988903, 7907609651. പ്രസവശേഷം വയറിന്റെ ഭാഗത്ത് ഉണ്ടാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനുള്ള മൂന്ന് മാസത്തെ സൗജന്യ യോഗപരിശീലനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895184363.

 

കുടുംബശ്രീ സമൃദ്ധി 2018 കാര്‍ഷിക, ഗോത്ര സംരംഭക ഭക്ഷ്യ വിപണന മേളയ്ക്കു തുടക്കമായി

 

കൊച്ചി: എറണാകുളം ജില്ല കുടുംബശ്രീ മിഷന്റെ കാര്‍ഷിക ഗോത്ര സംരംഭക ഭക്ഷ്യ വിപണന മേള സമൃദ്ധി 2018 മറൈന്‍ െ്രെഡവ് ഹെലിപ്പാട് ഗ്രൗണ്ടില്‍ ആരംഭിച്ചു. സമൃദ്ധി 2018ല്‍  15 സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനാല് ബ്ലോക്കുകളുടെ സ്റ്റാളും  ഒരു ഗോത്ര വിഭാഗം സ്റ്റാളും മേളയിലുണ്ട്. 8 ന് (8/8/2018) ആരംഭിച്ച മേള 13ാം തീയതി വരെ നീണ്ട് നില്‍ക്കും. കാര്‍ഷിക , സൂക്ഷ്മ സംരംഭക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ നടക്കും. കുടുംബശ്രീ വനിതകളുടെ 8 ഫുഡ് കോര്‍ട്ടും മേളയില്‍ ഉണ്ട്. രാവിലെ 10.30 മുതല്‍ വൈകീട്ട് 8.30 വരെയാണ് പ്രദര്‍ശനം. പത്ത് രൂപയാണ് പ്രവേശന ഫീസ്. 

 

ഗോത്ര പെരുമ െ്രെടബല്‍ ഫെസ്റ്റ് .

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് ഗോത്ര പെരുമ മേളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്.  കുട്ടമ്പുഴ , വേങ്ങൂര്‍ എന്നീ ആദിവാസി ഗോത്ര പഞ്ചായത്തുകളില്‍ നിന്നുള്ള വിവിധ തരം വന വിഭവങ്ങളുടെയും കരകൗശല ഉല്‍പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനയും മേളയിലുണ്ട്. തുമ്മല്‍, ചുമ, പൈല്‍സ്, കൊളസ്‌ട്രോള്‍ ,  കഫക്കെട്ട്, വാതം, വേരിക്കോസ് വെയിന്‍ , മുടി കൊഴിച്ചില്‍ , ശരീരവേദന , താരന്‍ , കാല് വിരിച്ചില്‍  തുടങ്ങി  വിവിധ രോഗങ്ങള്‍ക്കുള്ള പാരമ്പര്യ മരുന്നുകള്‍ ഇവിടെ ലഭിക്കും. വനവിഭവങ്ങളായ കാട്ട് തേന്‍, തെള്ളി (കുന്തുരുക്കീ) , മുള അരി, കുരുമുളക്, താളി, കല്ലൂര്‍ പഞ്ചി , ഏലക്ക , കല്ല് വാഴക്കുരു , ആകാശ വെള്ളരി , ചീവക്ക താളി, ഇഞ്ച, മഞ്ഞള്‍, മക്കം കായ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. ദശപുഷ്പങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

 

 

7050 സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയും വിപണന മേളയിലുണ്ട്. ഓണം വിപണി ലക്ഷ്യമിട്ട് ജില്ലയിലെ രണ്ടായിരം ഹെക്ടര്‍ സ്ഥലത്താണ് കുടുംബശ്രീ വനിതകള്‍ കൃഷി ചെയ്തത്. എണ്ണൂറ്റിയമ്പത് ഹെക്ടറില്‍ ആണ് വാഴക്കൃഷി ചെയ്തത്.പതിനാല് ബ്ലോക്കുകളിലെ വിവിധ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികളില്‍ നിന്നായി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. കുട്ട , മുറം , ചട്ടി , ഫ്രൂട്ട് ബോള്‍ , കൂവപ്പൊടി , തെങ്ങിന്‍ വിനാഗിരി , കപ്പ, സ്‌ട്രോബറി തൈ , റെഡ് ലേഡി പപ്പായ , മീനിനും കോഴിക്കും കൊടുക്കുന്ന അസോള , നാലാം വര്‍ഷം കായ്ക്കുന്ന പ്ലാവ്, നാടന്‍ മുട്ട , കാട മുട്ട , താറാവ് മുട്ട , ഓഷധ ജാപ്പി , മണ്ണിര കമ്പോസ്റ്റ് , ഉണക്ക ചാണകം , വിവിധ തരം കറിപ്പൊടികള്‍ , തഴപ്പായ , ജാം , കെയ്‌ലി , സോപ്പ്, ബാഗ്, ചന്ദനത്തിരി , റെഡി ടു കുക്ക് വെജിറ്റബിള്‍സ്, ഉണക്കമീന്‍, മാങ്ങ, നാരങ്ങ ഈര്‍ക്കിലി , ശതാവേരി തുടങ്ങി 124 തരം അച്ചാറുകള്‍ , ചേന, തേങ്ങ, കുട, ചൂല്‍ , ചൊറുക്ക , കത്തി , വളങ്ങള്‍ , വിവിധ തുണിത്തരങ്ങള്‍ , അത്തര്‍, ഹോം മെയ്ഡ് കേക്ക്, മെഴുകുതിരി , ആഭരണങ്ങള്‍, ദഹനത്തിനുള്ള മുസ്റ്റാസ് , കറ്റാര്‍വാഴ, വിത്തുകള്‍ , മുളപ്പിച്ച വിത്തുകള്‍  , നാരങ്ങ മിഠായി , കൂണ്‍ കിറ്റ്, തുടങ്ങിയവ ന്യായ വിലയ്ക്ക് ലഭിക്കും. കൂടാതെ പത്ത് ശതമാനം വിലക്കുറവില്‍ റംബൂട്ടാനും ലഭിക്കും. കൂടാതെ ആധാര്‍ കാര്‍ഡോ , റേഷന്‍ കാര്‍ഡോ ഇല്ലാതെ ഇന്‍ഡേന്‍ എല്‍പിജി ഗ്യാസ് കണക്ഷന്‍ എടുക്കാനുള്ള സൗകര്യവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. 

 

രുചി വൈവിധ്യവുമായി കഫേ കുടുംബശ്രീ 

 

രുചി വൈവിധ്യം ഒരുക്കി കഫേ കുടുംബശ്രീകള്‍ മേളയുടെ ആകര്‍ഷണ കേന്ദ്രമാണ്. 8 ഫുഡ് കോര്‍ട്ടുകളാണ് മേളയില്‍ പങ്കെടുക്കുന്നത്. എറണാകുളം തിരുവോണം യൂണിറ്റിന്റെ ഏഴ് തരം നെല്ലിക്ക ജ്യൂസുകള്‍ , വെജിറ്റേറിയന്‍ ജ്യൂസ്, വിവിധ തരം ഫ്രൂട്ട് ജ്യൂസ് എന്നിവ കുടിച്ച് ദാഹം ശമിപ്പിക്കാം. ആരോഗ്യം വര്‍ദ്ധിപ്പിക്കാം.

 

 കോഴിക്കോട് തനിമ കഫേ കുടുംബശ്രീയുടെ ചട്ടിപ്പത്തിരി , ഉന്നക്കായ, പഴം നിറച്ചത്, ഇറച്ചി പത്തിരി , ചിക്കന്‍ മോമൂസ്, കാസറഗോഡ് സല്‍ക്കാരയുടെ മലബാര്‍, ചെമ്മീന്‍ , ചിക്കന്‍, ബീഫ് , ബിരിയാണികളും , എളമക്കര വര്‍ഷ ഗ്രൂപ്പിന്റെ വാഴയില കിഴി ബിരിയാണി, തൃക്കാക്കര നിര്‍ഭയ ഗ്രൂപ്പിന്റെ കപ്പ, മീന്‍ കറി , പിടി   കോഴി, കടമക്കുടി ഫോര്‍ സ്റ്റാറിന്റെ കക്ക െ്രെഫ, ഞണ്ട് റോസ്റ്റ്, ചിക്കന്‍ കറി , കപ്പ, മീന്‍, ഇടത്തല ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ മുളയരി, പഞ്ചനക്ഷത്രം, പരിപ്പ് , പാലട , ഔഷധ കാപ്പി എന്നീ വിഭവങ്ങള്‍ ചൂടോടെ കഴിക്കാം. കൂടാതെ മഴുവന്നൂര്‍ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ശുദ്ധമായ വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്ന ലൈവ് ഏത്തക്ക ഉപ്പേരിയും (കായ വറുത്തത്) വാങ്ങാം. 

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്  മേള സംഘടിപ്പിച്ചിരിക്കുന്നത്. 

 

പട്ടികജാതിവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 

ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം

 

ജില്ലയിലെ വിവിധ അംഗീകൃത സ്ഥാപനങ്ങളില്‍ 2018-19 അദ്ധ്യയന വര്‍ഷം ബിടെക്, എംടെക്, എംസിഎ, പോളിടെക്‌നിക് (കമ്പ്യൂട്ടര്‍ സയന്‍സ്), ബിഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എംഎസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്), എംബിഎ, എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച് എംഎസ്, ബിവിഎസ് സി & ആനിമല്‍ ഹസ്ബന്ററി, ബി ആര്‍ക്, എംഫില്‍, പിഎച്ച്ഡി, എംഎസ് സി(ഇലക്‌ട്രോണിക്‌സ്)  ക്ലാസുകളില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന മെറിറ്റ്, റിസര്‍വ്വേഷന്‍ വിഭാഗങ്ങളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായത്തിനായി സ്ഥാപനം മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു. ധനസഹായ തുക പരമാവധി 25,000/- രൂപയാണ്. നടപ്പുവര്‍ഷം പട്ടികജാതി വികസന വകുപ്പില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹത നേടിയിട്ടുള്ളവരും മുന്‍പ് വകുപ്പ് മുഖേനയോ സര്‍ക്കാരിന്റെ മറ്റ് ഏതെങ്കിലും പദ്ധതികള്‍ പ്രകാരമോ ലാപ്‌ടോപ് ലഭിക്കുകയോ, ലാപ്‌ടോപ് വാങ്ങുന്നതിന് ധനസഹായം ലഭിക്കുകയോ ചെയ്യാത്തവരായിരിക്കണം. അപേക്ഷകര്‍ ഐ. റ്റി. മിഷന്‍ മുഖേന തയ്യാറാക്കിയ നിശ്ചിത സ്‌പെസിഫിക്കേഷന്‍ പ്രകാരമുള്ള ലാപ്‌ടോപ് വാങ്ങേണ്ടതാണ്. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവി മുഖേന അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസനഓഫീസര്‍ അറിയിച്ചു. 

 

 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്വച്ഛ് സര്‍വേക്ഷന്‍ പദ്ധതി: പരിശീലനം നല്‍കി

 

പറവൂര്‍: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മഹിളാ പ്രധാന്‍ ഏജന്റുമാര്‍, ആശ പ്രവര്‍ത്തകര്‍, ബ്ലോക്ക്  ഗ്രാമ പഞ്ചായത്ത് തല പ്രേരക്മാര്‍ എന്നിവര്‍ക്ക്  സ്വച്ഛ് സര്‍വേക്ഷന്‍ (ഗ്രാമീണ്‍) പദ്ധതിയുടെ പരിശീലനം നല്‍കി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പള്ളി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ എന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.. ശുചിത്വ ബോധത്തില്‍ പിന്നോട്ട് പോകുമ്പോഴാണ് സമൂഹത്തില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നത്. ഇത് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാനും മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കാനും നമുക്ക് കഴിയണം. മഴക്കാലവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ തൊണ്ണൂറ് ശതമാനത്തോളം വിജയമായിരുന്നു. കഴിഞ്ഞ കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നുള്ളത് നമ്മുടെ ശുചിത്വ ബോധത്തില്‍ വന്ന മാറ്റമാണ്. ശുചിത്വമാണ് ജീവിതത്തില്‍ ഏറ്റവും പ്രധാനമായി കാണേണ്ടത്. പൊതു ഇടങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. ഇതിന്റെ പുരോഗതി പരിശോധിക്കുകയാണ് സര്‍വ്വേയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ എല്ലാ ജില്ലകളിലെയും ഗ്രാമ പഞ്ചായത്തുകളിലെ വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്വതന്ത്ര ഏജന്‍സിയിലൂടെ വിലയിരുത്തി റാങ്ക് നല്‍കുന്നതിന് കേന്ദ്ര ശുചിത്വ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണ് 'സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2018'. മത്സരാധിഷ്ഠിതമായ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നടത്തുന്ന ജില്ലാതല സര്‍വേയിലൂടെയാണ് പഞ്ചായത്തുകളുടെ റാങ്കിംഗ് നിശ്ചയിക്കുന്നത്. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന ശുചിത്വ സര്‍വ്വേയുടെ ഭാഗമായി കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കോട്ടുവള്ളി, ഏഴിക്കര, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ക്കാണ് എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. അതോടൊപ്പം തന്നെ പദ്ധതിയെ സംബന്ധിച്ച് ഓണ്‍ലൈനായി ജനങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനായി മന്ത്രാലയം അവതരിപ്പിച്ച എസ്എസ്ജി എന്ന ആപ്ലിക്കേഷനെക്കുറിച്ചും  പരിശീലനം നല്‍കി. ഈ ആപ്പ് ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താം. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ അടിയന്തിരമായി യോഗങ്ങള്‍ നടത്തി ശുചിത്വ ബോധവത്കരണം നടത്തും. പരിശീലന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസര്‍ കെ.ബി ശ്രീകുമാര്‍ ക്ലാസെടുത്തു. ഖരമാലിന്യ ശേഖരണം, അവയുടെ സംസ്‌കരണം എന്നിവയെല്ലാം അടങ്ങിയതായിരുന്നു ക്ലാസ്. എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുമായി അറുപത് ഏജന്റുമാര്‍ പങ്കെടുത്തു.

 

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ എ.വി സന്തോഷ്, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സുരേഷ് ജെ നായര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എ രശ്മി, മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത് -സംരംഭകത്വ ബോധവത്ക്കരണ സെമിനാര്‍ നടത്തി.

 

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനനുസൃതമായി വ്യവസായ വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ വൃവസായ വകുപ്പിന്റെ പദ്ധതികള്‍, ബാങ്ക് വായ്പാപദ്ധതികള്‍ എന്നിവ വിശദീകരിക്കുന്നതിനുളള ബോധവത്ക്കരണ സെമിനാര്‍  പ്രസിഡന്റ് .എം.ആര്‍.ആന്റണി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് അദ്ധ്യക്ഷത വഹിച്ചു.  

സ്റ്റാന്‍ഡിങ്ങ്  കമ്മറ്റി ചെയര്‍മാന്‍മാരായ പുഷ്‌ക്കരന്‍ ഇ.കെ,  സെലിന്‍ ചാള്‍സ്, സീന ഫ്രാന്‍സിസ്, ടി.ജെ മനോജ,് ശ്യാമള ഷിബു, വിന്‍സി ഡേറീസ്, ബിന്ദു സെബാസ്റ്റിന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വ്യവസായ വകുപ്പിന്റെ പദ്ധതികളെ കുറിച്ചും, സംരംഭകത്വത്തില്‍ ഉളള പ്രാധാന്യത്തെക്കുറിച്ചും ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഷീബയും, ഇടപ്പളളി ബ്ലോക്ക് ഫിനാന്‍ഷ്യല്‍ ലിറ്ററസി സെന്റര്‍ കൗണ്‍സിലര്‍  കെ.പി.ഉദയഭാനുവും ക്ലാസ്സെടുത്തു. വ്യവസായ വികസന ഓഫീസര്‍ ജാസ്മിന്‍ ബി കൃതഞ്ജത അര്‍പ്പിച്ചു.

date