കടമ്മനിട്ട കവിത പൊരുതാനുള്ള ആയുധമാക്കിയ കവി: മന്ത്രി ജെ ചിഞ്ചുറാണി
അനിതരസാധാരണമായ ശൈലിയിലൂടെ കവിതയെ പൊരുതാനുള്ള ആയുധമാക്കിയ കവിയായിരുന്നു കടമ്മനിട്ടയെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ
കടമ്മനിട്ട കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന് നല്‍കുകയായിരുന്നു മന്ത്രി. കവിതയെ ജനകീയമാക്കിയ കടമ്മനിട്ട മലയാള ഭാഷയുടെ ഗതി മാറ്റിമറിച്ചു. എന്‍പതുകളിലെ കവിസമ്മേളനങ്ങളെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ കുറത്തിയും കാട്ടാളനും യുവതയുടെ ഹരമായിരുന്നു. ഏങ്ങും ആരാധവൃന്തങ്ങള്‍ സൃഷ് ടിച്ച കടമ്മനിട്ടയുടെ കവിതകള്‍ പടയണി താളച്ചാര്‍ത്തും ദ്രാവിഡ ശൈലീബദ്ധവുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കടമ്മനിട്ടയെപ്പോലെ തന്നെ യുവതയെയും കാമ്പസുകളെയും ഏറെ സ്വാധീനിച്ച കവിയാണ് കുരീപ്പുഴ ശ്രീകുമാറെന്നും അദ്ദേഹത്തിന് കടമ്മനിട്ട കവിതാ പുരസ്‌കാരം സമ്മാനിക്കാന്‍ സാധിച്ചത് മനോഹര മുഹൂര്‍ത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ പി കെ ഗോപനെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ വായനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ കെ എസ് രവികുമാര്‍ കടമ്മനിട്ട അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി സുകേശന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ എസ് നാസര്‍, എസ് വേണുഗോപാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ എസ് ഷാജി, ജോ സെക്രട്ടറി ബി ശിവദാസന്‍ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ വള്ളിക്കാവ് മോഹന്‍ദാസ്, പി ഉഷാ കുമാരി, സെക്രട്ടറി എന്‍ ഷണ്‍മുഖദാസ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments