പ്രളയക്കെടുതി: സ്ഥിതി നിയന്ത്രണവിധേയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം - മന്ത്രി മാത്യു ടി.തോമസ്
മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം ചേര്‍ന്ന് സന്നദ്ധസംഘടനകള്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സന്ദര്‍ശിച്ച് പ്രവ ര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ തലത്തില്‍ ക്യാമ്പുകള്‍ തുറന്ന് ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുന്നുണ്ട്. ക്യാമ്പുകളിലെത്തിയിട്ടുള്ള പലരുടെയും ഗൃഹോപകരണങ്ങള്‍ മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭക്ഷണവും മറ്റ് സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കുന്ന സാഹചര്യത്തില്‍ മറ്റുള്ള കാര്യങ്ങളില്‍ ദുരിതബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകള്‍ ഏറ്റെടുക്കണം. ദുരിതബാധിത പ്രദേശങ്ങളില്‍ വിവിധ സന്നദ്ധ സംഘടനകള്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിന് ജില്ലാ ഭരണകൂടവും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിക്കുന്ന നടപടികള്‍ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
24 ദുരിതാശ്വാസ ക്യാമ്പുകള്‍
പ്രളയക്കെടുതിയോടനുബന്ധിച്ച് ജില്ലയില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍ വീണ്ടും തുറന്നു. തിരുവല്ല താലൂക്കില്‍ 17ഉം കോഴഞ്ചേരിയില്‍ എട്ടും മല്ലപ്പള്ളിയില്‍ ഒരു ക്യാമ്പുമാണ് തുറന്നിട്ടുള്ളത്. 24 ക്യാമ്പുകളിലായി 253 കുടുംബങ്ങളിലെ 825 പേരെ മാറ്റിപ്പാ ര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുണ്ട്. പമ്പ, ആനത്തോട് ഡാമുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രളയക്കെടുതി വീണ്ടും രൂക്ഷമായത്.
കര്‍ക്കിടകവാവ്: കര്‍ശന സുരക്ഷ ഒരുക്കി
കര്‍ക്കിടകവാവിന്റെ പശ്ചാത്തലത്തില്‍ ബലിതര്‍പ്പണം നടത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബലിതര്‍പ്പണം നടന്ന എല്ലാ കേന്ദ്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ജില്ലയില്‍ ബലിതര്‍പ്പണം നടന്ന പ്രധാനപ്പെട്ട 28 കേന്ദ്രങ്ങളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതുമൂലം സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ കഴിഞ്ഞു.
പമ്പയിലെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ അടിയന്തര നടപടി
ചിങ്ങം ഒന്നിന് ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പമ്പയില്‍ നടത്തേണ്ടതുണ്ട്. പമ്പയില്‍ വാട്ടര്‍അതോറിറ്റിയുടെ പമ്പുകള്‍ പ്രവര്‍ത്തന രഹിതമായിട്ടുള്ളതിനാല്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് പമ്പുകള്‍ ഇവിടെ എത്തിച്ച് ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും.
കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു
പ്രളയക്കെടുതി സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നതിന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവ ര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ഈ കണ്‍ട്രോള്‍ റൂമുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെങ്കിലും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണ്. കുന്നന്താനത്ത് ഒരാളിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി നാളെ കൊച്ചിയില്‍
സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കൊച്ചിയില്‍ എത്തുന്നുണ്ട്. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിയെ ധരിപ്പിക്കും. (പിഎന്‍പി 2315/18)
- Log in to post comments