കുടുംബശ്രീയുടെ ചരിത്രവും ലക്ഷ്യവും വിവരിക്കുന്ന ചര്‍ച്ചയായി യുവത
ദേശീയ സരസ് മേളയോടനുബന്ധിച്ച് ‘യുവത' കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ഉദ്ഘാടനം ആശ്രാമം സരസ് ആഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് നിര്‍വഹിച്ചു. കുടുംബശ്രീ ലോകത്തെ സുപ്രധാന സ്ത്രീപ്രസ്ഥാനമാണ്. കുടുംബശ്രീയുടെ 25 വര്‍ഷമെന്നത് തദ്ദേശ പ്രാതിനിധ്യത്തില്‍ സ്ത്രീകള്‍ 50 ശതമാനം സംവരണം കൈവരിച്ചതിന്റെ അഭിമാനത്തോടെ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സംസ്ഥാന വനിതാകമ്മീഷന് അംഗം ഷാഹിദ കമാല്‍ അധ്യക്ഷയായി.
തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം വിഷയാവതരണം നടത്തി. 'യുവത' വേറിട്ട ചിന്തകളിലൂടെ വലിയ സാമ്പത്തിക ഉന്നമനം കൈവരിക്കണം. ഇതിലൂടെ സാമൂഹിക ഉന്നമനം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കോര്പറേഷന് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ഗീതകുമാരി, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, ജില്ലയിലെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍, ഓക്സിലറി ഗ്രൂപ്പുകള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Log in to post comments