Skip to main content

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങി നാലുപേര്‍ 

 

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് നാലു പേരാണ് ശനിയാഴ്ച കളക്ടറേറ്റില്‍ നിന്ന് പടിയിറങ്ങിയത്. 
ഡെപ്യൂട്ടി കളക്ടര്‍മാരായ പി.ബി. സുനി ലാല്‍, ജെസി ജോണ്‍, ജൂനിയര്‍ സൂപ്രണ്ട് രാമകൃഷ്ണപിള്ള, ജില്ലാ മജിസ്‌ട്രേറ്റിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ. ആര്‍. രാജമ്മ സേവനം പൂര്‍ത്തിയാക്കി മടങ്ങിയത്. 
വര്‍ഷങ്ങളുടെ സര്‍ക്കാര്‍ സേവനം പൂര്‍ത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് കടക്കുന്ന ജീവനക്കാരെ സഹപ്രവര്‍ത്തകര്‍ ഏറെ സന്തോഷത്തോടെ യാത്രയാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് മുഖ്യാതിഥിയായി. ഔദ്യോഗിക ജീവിതത്തില്‍ വിരമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും അദ്ദേഹം മൊമന്റോയും നല്‍കി. 

പാട്ടുപാടി പടിയിറക്കം

സര്‍ക്കാര്‍ സേവനത്തിന്റെ അവസാന ദിനം പാട്ടുപാടി ആഘോഷമാക്കിയാണ് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ബി. സുനിലാല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ജില്ലാ വികസന സമിതി യോഗത്തിലും യാത്രയയപ്പ് ചടങ്ങിലും സുനിലാല്‍ തന്റെ ശ്രുതി മധുരമായ ശബ്ദത്തില്‍ ഗാനമാലപിച്ചു. 

കൊച്ചി മെട്രോയുടെയും ഇടപ്പള്ളി -മുത്തകുന്നം ദേശീയപതയുടെയും ഉള്‍പ്പടെ ജില്ലയിലെ സമീപകാലത്തെ 50 ലേറെ വികസന  പദ്ധതികളിലും സര്‍ക്കാര്‍ സ്ഥലമെടുപ്പിലും സജീവ പങ്കാളിത്തം വഹിച്ചു. 1988 ല്‍ കാക്കനാട് കളക്ടറേറ്റില്‍ ക്ലര്‍ക്കായി പ്രവേശനം ആരംഭിച്ച സുനി ലാല്‍ രാമേശ്വരം ചക്കരയിടുക്ക് കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ചു. കൊച്ചി മെട്രോ ഡെപ്യൂട്ടി കളക്ടറായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്. ആലുങ്കല്‍ കടവ് പാലം അപ്പൂസ് റോഡ്, മുനമ്പം-അഴീക്കോട് പാലം അപ്രോച്ച് റോഡ്, പെരുമ്പാവൂര്‍ ബൈപ്പാസ്, കരുമാലൂര്‍-കുന്നുകര ജലവിതരണ പദ്ധതി എന്നീ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ മേല്‍നോട്ടം വഹിച്ചു. 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറം തിരൂര്‍ ആര്‍.ഡി.ഒ ആയും ചുമതല വഹിച്ചു. ഭാര്യ കെ.എന്‍. ബിന്ദു കണയന്നൂര്‍ താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാരാണ്. മകന്‍ അബനീഷ് ലാല്‍. 

ബാസ്‌ക്കറ്റ് ബോള്‍ ക്യാപ്റ്റനില്‍ നിന്ന് സര്‍ക്കാര്‍ സേവനത്തിലേക്ക്

ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി വിരമിക്കുന്ന ജെസി ജോണ്‍ ഇരുപത്തിയൊന്നാം വയസിലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. മുന്‍ ഇന്ത്യന്‍ വുമണ്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ജെസി സ്‌പോര്‍ട്‌സ് ക്വോട്ടയിലാണ് സര്‍വീസില്‍ കയറുന്നത്. 1988 ല്‍ എല്‍ഡി ക്ലര്‍ക്കായി ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തില്‍ കാക്കനാട് കളക്ടറേറ്റില്‍ ആണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. 

തുടര്‍ന്ന് കോതമംഗലം തഹസില്‍ദാര്‍, ആലുവ താലൂക്കില്‍ റവന്യൂ റിക്കവറി വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍, കണ്ണൂരില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ എന്നീ പദവികളിലും മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് കൂത്താട്ടുകുളത്ത് സ്‌പെഷ്യല്‍ തഹസില്‍ദാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടകരയില്‍ ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ചു. കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ എന്നീ ജില്ലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി എറണാകുളം കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടറായി സേവനമനുഷ്ഠിച്ചുക്കുന്നു. ഭര്‍ത്താവ് സിബി മാത്യു ബാങ്ക് ഉദ്യോഗസ്ഥനാണ്, ടോണി സിബി, റോണി സിബി എന്നിവര്‍ മക്കളാണ്.

വിശ്രമ ജീവിതത്തിലേക്ക് മടങ്ങുന്ന കെ.ആര്‍. രാജമ്മ 1995 ദേവികുളത്താണ് സേവനം ആരംഭിച്ചത്. 2011 മുതല്‍ എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആണ്.  പുതിയകാവ് ആയുര്‍വേദ ആശുപത്രി തെറാപ്പിസ്റ്റായി വിരമിച്ച കെ.കെ. രാജന്‍ ആണ് ഭര്‍ത്താവ്. മകള്‍ അപര്‍ണ കെ രാജ്, മരുമകന്‍ വൈശാഖ് രാജേന്ദ്രന്‍. 

1993ല്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ വില്ലേജ് അസിസ്റ്റന്റായി സേവനം ആരംഭിച്ച രാധാകൃഷ്ണപിള്ള 17 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് വിരമിക്കുന്നത്. വയനാടും എറണാകുളത്തും ഡെപ്യൂട്ടി തഹസില്‍ദാറായും സേവനമനുഷ്ടിച്ചു. 2002 ല്‍ സീനിയര്‍ ക്ലര്‍ക്കായി 
തിരുവനന്തപുരത്ത് റവന്യൂ വകുപ്പിലെത്തി. 2022 മുതല്‍ എറണാകുളം കളക്ടറേറ്റില്‍ ജൂനിയര്‍ സൂപ്രണ്ടായി സേവനം അനുഷ്ടിക്കുന്നു. ഭാര്യ ഐ. ബിന്ദു ആലപ്പാട് ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചര്‍ ആണ്, മകന്‍ ആര്‍. അഭിജിത്ത്, മകള്‍ ബി.നിവേദ്യ. 
 
യാത്രയയപ്പ് ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍കുമാര്‍, ഉഷ ബിന്ദുമോള്‍, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

date