ജില്ലയില്‍ ക്വാറി പ്രവര്‍ത്തനത്തിന് നിരോധനം
ജില്ലയില്‍ ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നിരോധിച്ചു. കാലവര്‍ഷം ശക്തമായതിനാല്‍ ദുരന്ത സാധ്യത മുന്‍കൂട്ടി കണ്ടാണ് നിരോധനമേര്‍പ്പെടുത്തിയത്. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. എല്ലാ ക്യാംപുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ക്യാംപുകളില്‍ സഹായം തഹസില്‍ദാര്‍മാര്‍ മുഖേന മാത്രം
ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം നല്‍കുന്നത് തഹസില്‍ദാര്‍മാര്‍ മുഖേനെയായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവ നേരിട്ട് ക്യാംപുകളില്‍ നല്‍കരുത്. സഹായം നല്‍കാന്‍ സന്നദ്ധരായവര്‍ താലൂക്ക് ഓഫീസുകളില്‍ നല്‍കി റസീറ്റ് കൈപ്പറ്റണം. സാധനങ്ങള്‍ ഏറ്റുവാങ്ങുന്നതിനും ആവശ്യാനുസരണം ക്യാംപുകളില്‍ വിതരണം ചെയ്യുന്നതിനും താലൂക്ക് ഓഫീസുകളില്‍ ഒരുദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
മെഡിക്കല്‍ ക്യാംപുകള്‍ക്ക് ഡിഎംഒ യുടെ അനുമതി വേണം
മെഡിക്കല്‍ ക്യാംപുകള്‍ നടത്തുന്നതിന് ഡിഎംഒ യുടെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിലവില്‍ എല്ലാ മേഖലകളിലും ആവശ്യമായ സൗകര്യം ജില്ലാ മെഡിക്കല്‍ ഓഫീസ് ഒരുക്കിയിട്ടുണ്ട്. ക്യാംപുകളില്‍ പരിശോധന നടത്തി വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. വീടുകളില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി ആവശ്യമായ ചികിത്സയും മരുന്നും നല്‍കുന്നുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം. ക്യാംപുകളും പരിസര പ്രദേശങ്ങളും നിരക്ഷണത്തിലാണെന്നും ഡിഎംഒ ഡോ. കെ സക്കീന അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക
കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കുടിവെള്ള സ്രോതസ്സുകളും മറ്റും മലിനമായതിനാല്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കുന്നതിന് മുഴുവനാളുകളും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവു. കൂടാതെ കിണറുകളും കുടിവെള്ള സ്രോതസുകളും ആവശ്യാനുസരണം ക്ലോറിനേഷന്‍ നടത്തേണ്ടതാണ്. പാത്രങ്ങള്‍ കഴുകുന്നതിന് ക്ലോറിനേഷന്‍ നടത്തിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ഡിഎംഒ അറിയിച്ചു.
കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
മഴക്കെടുതിയില്‍ ജില്ലയില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ പട്ടിക തിരിച്ച കണക്ക് മൂന്ന് ദിവസത്തിനകം അതത് വകുപ്പുകള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൃഷി നാശം, കന്നുകാലികളുടെ നാശം, വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശം, സ്ഥലം നഷ്ടപ്പെട്ടത് എന്നിവ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
ക്യാംപുകളില്‍ അനാവശ്യ സന്ദര്‍ശനം വേണ്ട
ക്യാംപുകളില്‍ അനാവശ്യമായി സന്ദര്‍ശകര്‍ പ്രവേശിക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുറത്ത് നിന്നുള്ളവര്‍ ക്യാംപില്‍ എത്തുന്നത് അവിടെയുള്ളവരുടെ സ്വകാര്യതയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ രോഗവ്യാപനത്തിനുള്ള സാധ്യതയുമുണ്ട്.
പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍ എത്തിക്കും
നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരമുള്ളവ സ്‌കൂളുകളില്‍ എത്തിച്ച് വിദ്യാര്‍ഥികള്‍ക്ക് നല്‍കും. പുതിയ പുസ്തകം നല്‍കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം കയറിയ സ്‌കൂളുകളും അങ്കണവാടികളും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വൃത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും
വെള്ളം കയറിയ സ്‌കൂളുകളിലും അങ്കണവാടികളിലും സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷ്യ യോഗ്യമാണോയെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും. ഉപയോഗയോഗ്യമല്ലെങ്കില്‍ നശിപ്പിച്ച് കളയും. കുടിവെള്ള സാമ്പിളുകള്‍ പരിശോധിക്കുന്നതിന് ജല അതോറിറ്റിയെ ചുമതലപ്പെടുത്തി.
പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാം
മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റും
പൊതുജനങ്ങള്‍ക്ക് ഭീഷണിയായി റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍മാരോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ഭീഷണിയായ രീതിയില്‍ വനംവകുപ്പിന്റെ അതീനതയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് വനം വകുപ്പിനും നിര്‍ദേശം നല്‍കി.
എഡിഎം വി രാമചന്ദ്രന്‍, ആര്‍ഡിഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, എ നിര്‍മലകുമാരി പി പ്രസന്നകുമാരി, രഘുനാഥ് ഡിഎംഒ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments