Skip to main content

ഉയരാം പറക്കാം; കല്ല്യാശ്ശേരി മണ്ഡലതല അനുമോദന പരിപാടിക്ക് തുടക്കം

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി ''ലെറ്റ്സ് ഫ്ളൈ-ഉയരാം പറക്കാം'' പരിപാടിയുടെ ഭാഗമായി എസ് എസ് എല്‍ സി പരീക്ഷ വിജയികള്‍ക്കുള്ള അനുമോദന പരിപാടി ചെറുതാഴം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ് എസ് എല്‍ സി പരീക്ഷയില്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും നൂറ് ശതമാനം വിജയമാണ് കൈവരിച്ചത്. മണ്ഡലത്തിലെ 16 വിദ്യാലയങ്ങളിലും എം വിജിന്‍ എം എല്‍ എ നേരിട്ടെത്തിയാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. ചെറുതാഴം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം എം എല്‍ എ മധുരം പങ്കിട്ടു.

നെരുവമ്പ്രം ഗവ. ടെക്നിക്കല്‍ സ്‌കൂള്‍, കൊട്ടില ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പട്ടുവം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, കല്ല്യാശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്നിവിടങ്ങളിലും അനുമോദനം സംഘടിപ്പിച്ചു. മെയ് 29, 30 തീയതികളിലായി ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍സെക്കണ്ടറി, ചെറുകുന്ന് ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി, ചെറുകുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി, പുതിയങ്ങാടി ജമായത്ത് ഹയര്‍ സെക്കണ്ടറി, മാട്ടൂല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, മാടായി ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മാടായി ഗവ  ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും അനുമോദന പരിപാടി നടക്കും. ഓരോ സ്‌കൂളിലും ഏകജാലക പ്രവേശന ബോധവല്‍ക്കരണ ക്ലാസ്സ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് എന്നിവയും അനുമോദന പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

ചെറുതാഴത്ത് നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്തംഗം സി പി ഷിജു അധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി ഉണ്ണികൃഷ്ണന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം കെ ശോഭ, ചെറുതാഴം പഞ്ചായത്തംഗം കെ വി ബിന്ദു, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ ഇ സി വിനോദ്, മാടായി എ ഇ ഒ ടി വി അജിത, കല്ല്യാശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പരിപാടി ആക്ടിംഗ് ചെയര്‍മാന്‍ പി നാരായണന്‍കുട്ടി മാസ്റ്റര്‍, മാടായി ബിപിസി എം വി വിനോദ് കുമാര്‍, ചെറുതാഴം ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍ രാജേഷ്, ഹെഡ്മിസ്ട്രസ് പി എം പ്രസന്നകുമാരി, പി ടി എ പ്രസിഡണ്ട് അഡ്വ.കെ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. നെരുവമ്പ്രം ടെക്നിക്കല്‍ സ്‌കൂളില്‍ ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. പിടി എ വൈസ് പ്രസിഡണ്ട് അശോക് കുമാര്‍, സൂപ്രണ്ട് കെ പ്രദീപ്, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു തുടങ്ങിയവര്‍ സംസാരിച്ചു. എം ബിജു, പ്രദീപ് പയ്യനാട്ട്, ഒ വി പുരുഷോത്തമന്‍, ടി ജിതേന്ദ്രന്‍, പി ഒ മുരളീധരന്‍ എന്നിവര്‍ വിവിധ സ്‌കൂളുകളില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് എടുത്തു.

date