Skip to main content

ഐശ്വര്യയ്ക്ക് വീൽ ചെയറും ചികിത്സാ ധനസഹായവും; മന്ത്രിക്ക് നിറ കണ്ണുകളോടെ നന്ദി അറിയിച്ച് അമ്മ മായ 

 

 കുഞ്ഞ് ഐശ്വര്യയ്ക്ക് ഇനി അമ്മയ്ക്കൊപ്പം പുറത്തിറങ്ങാം. വീൽ ചെയറിലിരുന്ന് പുറം ലോകം കാണാം. 
കഴിഞ്ഞ രണ്ടു വർഷമായി ശരീരം തളർന്ന് നാല് ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന  ആലപ്പുഴ സ്വദേശിനി  ഐശ്വര്യയ്ക്കാണ് സർക്കാരിന്റെ  അമ്പലപ്പുഴ താലൂക്ക്തല അദാലത്ത് കൈത്താങ്ങായത്. 
 മകൾക്കായി അനുവദിച്ച വീൽ ചെയർ വാങ്ങാൻ എത്തിയ അമ്മ മായ മകളുടെ ചികിത്സയ്ക്കായി എല്ലാമാസവും വേണ്ടിവരുന്ന ഭീമമായ  തുകയും കുടുംബത്തിന്റെ ദുരവസ്ഥയും  മന്ത്രി പി പ്രസാദിനെ അറിയിച്ചതോടെ സാമൂഹ്യനീതി വകുപ്പിന്റെ പരിരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടിയുടെ ചികിത്സ, ജീവിത ചെലവ് എന്നിവയ്ക്ക് പണം അനുവദിക്കുന്നതിന്  മന്ത്രി ഉത്തരവിട്ടു. കൂടാതെ കുട്ടിയ്ക്ക് വീട്ടിലെത്തി  ഫിസിയോതെറാപ്പി ചികിത്സ നൽകുന്നതിനായുള്ള സംവിധാനങ്ങൾ സജ്ജമാക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. 

ആലപ്പുഴ സ്വദേശികളും ബീഹാറിൽ അധ്യാപകരും ആയിരുന്ന പരേതനായ മനോജിന്റെയും മായയുടെയും ഏകമകളായ ഐശ്വര്യ 14 വയസ്സുള്ളപ്പോഴാണ് ടൈപ്പ് 1 ഡി.കെ പ്രമേഹ രോഗത്താൽ നാഡീവ്യൂഹം തളർന്ന്  കിടപ്പിലായത്. ഭർത്താവ്  മനോജ് ഹൃദയാഘാതം വന്ന്  മരിച്ചിട്ട് ഏറെ നാളുകൾ ആകുന്നതിനു മുൻപ് തന്നെ ഏക മകളുടെ ആന്തരികാവയങ്ങളെവരെ ബാധിച്ച അപൂർവ്വ രോഗാവസ്ഥ  ജീവിതം പ്രതിസന്ധിയിലാക്കി. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള പല ആശുപത്രികളിലും ഐശ്വര്യയെ  ചികിത്സിച്ചെങ്കിലും നാഡിവ്യൂഹത്തിന്  ഉണ്ടായ തകരാർ പരിഹരിക്കുന്നതിന് കഴിയാതെ കിടക്കയിൽ തന്നെ ജീവിതം തള്ളി നീക്കുകയായിരുന്നു. 
85 ശതമാനം ചലനവൈകല്യമുള്ള ഐശ്വര്യയുടെ ദൈനംദിനം ജീവിത ആവശ്യങ്ങൾക്ക് ഒരു വീൽചെയർ ലഭ്യമാക്കണമെന്ന അപേക്ഷയ്‌ക്കൊപ്പം ചികിത്സാധന സഹായവും, ഫിസിയോതെറാപ്പി സേവനവും അനുവദിച്ച മന്ത്രിക്ക് നിറഞ്ഞ കണ്ണുകളോടെ നന്ദി അറിയിച്ചാണ് മായ മടങ്ങിയത്.

date