Skip to main content

ശബ്ദങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തി അനൂപും സാത്താറും 

 

ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങിലൂടെ ശബ്ദങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അനൂപും സാത്താറും.

ശ്രവണ സഹായി വേണമെന്ന അപേക്ഷയുമായാണ് കലവൂർ സ്വദേശിയായ അനൂപ് അദാലത്തിൽ എത്തിയത്. ജന്മന 80 ശതമാനം വൈകല്യമുള്ള അനൂപിന് ശ്രവണ സഹായി ഉണ്ടായിരുന്നെങ്കിലും നാല് വർഷം മുൻപ് അത് തകരാറാവുകയായിരുന്നു. ആലപ്പുഴ വട്ടയാൽ വാർഡ് സ്വദേശിയായ 62 കാരനായ സത്താറിന് രണ്ടുവർഷം മുൻപാണ് കേൾവി ശക്തി കുറവാണെന്ന് കണ്ടെത്തിയത്. വലതു ചെവിക്ക് പൂർണമായും കേൾവി ശക്തി ഇല്ല. ഇടത് ചെവിക്ക് 30 ശതമാനം മാത്രമാണ് കേൾവി. സാമ്പത്തികമായി പിന്നാക്കം നിൽകുന്നതിനാൽ പുതിയൊരു ശ്രവണ സഹായി വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. 

അദാലത്തിലെ ഇവരുടെ അപേക്ഷ പരിഗണിച്ച മന്ത്രി പി.പ്രസാദ് ജില്ല സാമൂഹ്യനീതി ഓഫീസർ എ.ഓ.അബീനോട് നിർദേശിച്ചതിനെ തുടർന്ന് സ്‌പോൺസറെ കണ്ടെത്തിയാണ് ശ്രവണസഹായി വാങ്ങി നൽകിയത്. ആലപ്പുഴ ഷാലോം സ്പീച്ച് ആൻഡ് ഹിയറിങ് സ്‌പോൺസർ ചെയ്ത ശ്രവണ സഹായി വേദിയിൽ വെച്ച് ഇരുവർക്കും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കൈമാറി.

date