Skip to main content

വീട്ടിലേക്ക് വഴിയില്ലാതെ വയോധിക: അടിയന്തരമായി പരിഹാരത്തിന് നിർദേശം നൽകി മന്ത്രി 

 

സ്വന്തം വീട്ടിലേക്ക് കയറാൻ മാർഗ്ഗമില്ലാതെ ബുദ്ധിമിട്ടിയിരുന്ന 77 വയസുകാരി ദേവമ്മയ്ക്ക് സഹായം ഉറപ്പ് നൽകി മന്ത്രി പി. പ്രസാദ്. അമ്പലപ്പുഴ താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് ദേവമ്മ പരാതിയുമായെത്തിയത്.

സ്വന്തം വീട്ടിലേക്ക് വർഷങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി അയൽവാസികൾ ചേർന്ന് കെട്ടിയടച്ചു. കരഞ്ഞുകൊണ്ടാണ് ദേവമ്മ മന്ത്രിയോട് പരാതി പറഞ്ഞ് തീർത്തത്. പരാതികേട്ട മന്ത്രി പി. പ്രസാദ് എത്രയും വേഗം പ്രശ്‌നം പഠിച്ച് ജൂൺ മാസം തീരുന്നതിനകം പരിഹാരം കാണണമെന്ന് സബ് കളക്ടർ സൂരജ് ഷാജിയ്ക്ക് നിർദേശം നൽകി. 

പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നിവാസിയായ ദേവമ്മയുടെ ഭർത്താവ് 15 വർഷങ്ങൾക്ക് മുൻപാണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവർക്ക്  വിധവ പെൻഷൻ മാത്രമാണ് ഏക വരുമാനം. വീടിനോട് ചേർന്നുള്ള പറമ്പിലൂടെയായിരുന്നു ദേവമ്മയുടെ വീട്ടിലേയ്ക്കുള്ള ഏകവഴി. ഈ വഴി കെട്ടിയടച്ചതിൽ പിന്നെ കാട് പിടിച്ച പറമ്പിലൂടെയും അയൽവാസികളുടെ വീട്ട് മുറ്റത്ത് കൂടിയുമൊക്കെയാണ് യാത്ര. ഇഴ ജന്തുക്കളുടെ സാന്നിധ്യവും ദേവമ്മയ്ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. മന്ത്രിയുടെ ഇടപെടൽ വലിയ സന്തോഷായി എന്ന് ദേവമ്മ പറഞ്ഞു.

date