Skip to main content

ദേവദാസിന്റെ സ്വപ്ന ഭവനം ഉടൻ പൂർത്തിയാകും: വാക്ക് നൽകി മന്ത്രി പി.പ്രസാദ്

മുടങ്ങിപ്പോയ വീടുപണി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കരുതലും കൈത്താങ്ങും അമ്പലപ്പുഴ അദാലത്തിൽ എത്തിയ വാടക്കൽ സ്വദേശി ദേവദാസിന് ആശ്വാസം. പ്ലാപ്പള്ളി വീട്ടിൽ ദേവദാസ് എസ്.സി വിഭാഗക്കാർക്കുള്ള ഭവനനിർമാണ പദ്ധതിയിലൂടെ ലഭിച്ച ധനസഹായം കൊണ്ടാണ് 2010ൽ വീടുപണി ആരംഭിച്ചത്. തുടർന്ന് രണ്ടു ഗഡുക്കളായി പി.എം.എ.വൈ പദ്ധതിയിലൂടെ ലഭിച്ച 50000 രൂപ കൊണ്ട് വീടിന്റെ അടിത്തറ കെട്ടി. എന്നാൽ അതിനിടെ ഭാര്യ മരിച്ചതോടെ വീടുപണിയും മുടങ്ങി. 

വീടുപണി പൂർത്തിയാക്കാഞ്ഞതിനാൽ ധനസഹായമായ ലഭിച്ച തുക 12 ശതമാനം പലിശ അടക്കം തിരികെ നൽകിയാൽ മാത്രമേ വസ്തുവിന്റെ ആധാരം തിരികെ ലഭിക്കു എന്ന് കാണിച്ചു ആലപ്പുഴ നഗരസഭ നോട്ടീസ് കൂടി അയച്ചതോടെയാണ് ദേവദാസ് പരിഹാരം തേടി അദാലത്തു വേദിയിൽ എത്തിയത്. 

പരാതി പരിഗണിച്ച കൃഷി മന്ത്രി പി.പ്രസാദ്  പട്ടികജാതി ഭവന പൂർത്തികരണ പദ്ധതിയായ സേഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ദേവദാസിന് 2 ലക്ഷം രൂപ ധനസഹായം നൽകാൻ നിർദേശിച്ചു. നിലവിൽ വാടക വീട്ടിലാണ് ദേവദാസ് താമസിക്കുന്നത്. ധനസഹായം കിട്ടിയാലുടൻ വീടുപണി പൂർത്തിയാക്കി മകനോടൊപ്പം സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ദേവദാസ് അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date