Skip to main content

സെസ് ഒഴിവാക്കാൻ 15 വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നു, അദാലത്തിൽ പരിഹാരമായി

ആശ്രമം വാർഡ് പുതുക്കരശ്ശേരിയിൽ ടോമി ജോസഫ് അദാലത്തിലെത്തിയത് തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് തുക അടയ്ക്കാത്തതിൻരെ പേരിലുള്ള ജപ്തി നടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യവുമായാണ്. 1990 ൽ 80,000 രൂപ ചെലവിൽ 750 ചതുരശ്ര അടിയിൽ താഴെയുള്ള വീടാണ് താൻ നിർമിച്ചിട്ടുള്ളതെന്ന് റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ കൂടിയായ ടോമി ജോസഫ് മന്ത്രിയോട് പറഞ്ഞു. 1995 ലാണ് സെസ് നിയമം വരുന്നതെന്നും സെസ് തനിക്ക് ബാധകമാക്കരുതെന്നും അപേക്ഷ നൽകിയിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ എൻട്രിയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായും ടോമി മന്ത്രിയെ അറിയിച്ചു. എന്നാൽ 15 വർഷത്തിനിടയിൽ ഇടവേളകളിൽ ടോമിക്ക് ഈ കുടിശ്ശികയുമായി ബന്ധപ്പെട്ട് നോട്ടീസ് വരുന്നുണ്ട്്. ഇതിനിടെ 38,000 അടച്ചില്ലെങ്കിൽ ജപ്തി നടപടി സ്വീകരിക്കുമെന്ന് കാട്ടി ആർ.ആർ.തഹസിൽദാരുടെ കത്തും ലഭിച്ചു. ലേബർ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കുടിശ്ശിക തുക കുറച്ചുതരാമെന്ന മറുപടിയാണ് ലഭിച്ചത്. കാലപ്പഴക്ക സർട്ടിഫിക്കറ്റ് നൽകിയപ്പോൾ അത് സ്വീകരിക്കാൻ തയ്യാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നഗരസഭ നൽകിയ സർട്ടിഫിക്കററ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സെസ് ഒഴിവാക്കുന്നതിനുള്ള ഉത്തരവ് ജില്ല ലേബർ ഓഫീസർക്ക് മന്ത്രി നൽകുകയായിരുന്നു. ഇതോടെ ജപ്തി നടപടി ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ടോമി ജോസഫ് മടങ്ങിയത്. 15 വർഷമായുള്ള ബുദ്ധിമുട്ടുകളാണ് ഇതുവഴി ഒഴിവായത്. 

date