Skip to main content

ഇനി ഒറ്റയ്ക്കാവില്ല: വയോധികയ്ക്ക് വൃദ്ധസദനത്തിൽ അഭയം ഒരുക്കി 

 സഹായത്തിനാരും ഇല്ലാതെ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വൃദ്ധമാതാവിന് മായിത്തറ സർക്കാർ വൃദ്ധസദനത്തിൽ അഭയം ഒരുക്കി. അമ്പലപ്പുഴ താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ പരാതിയുമായി എത്തിയ ആലപ്പുഴ അവലൂകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന എം. റംല എന്ന 68 കാരിയ്ക്കാണ് മന്ത്രി പി. പ്രസാദ് മുൻകൈയെടുത്ത് അഭയമൊരുക്കിയത്. 

വാടകവീട്ടിലെ ഒറ്റയ്ക്കുള്ള ജീവിതവും വിവിധ രോഗങ്ങളും  മൂലം അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ നിന്നുമൊരു മോചനവും വേണമെന്ന ആവശ്യവുമായാണിവർ അദാലത്തിന് എത്തിയത്.  ആര്യാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സ്ഥലം കണ്ടെത്തി വീട് നിർമ്മിക്കുന്നതിന് സഹായത്തിനായി ആരുമില്ല. ഭർത്താവും മരിച്ചിട്ട് വർഷങ്ങളായി. ആരും സംരക്ഷിക്കാനില്ല. സർക്കാർ നൽകുന്ന വിധവ പെൻഷൻ മാത്രമാണ് ഏക വരുമാനം. അതിനാൽ സർക്കാർ നിർമ്മിച്ചു നൽകുന്ന ഭവന സമുച്ചയങ്ങളിൽ ഏതെങ്കിലും ഒന്ന് അനുവദിക്കണമെന്ന അപേക്ഷയാണ് റംല അദാലത്തിൽ സമർപ്പിച്ചിരുന്നത്. റംലയുടെ പ്രശ്‌നങ്ങൾ കേട്ട മന്ത്രി പി. പ്രസാദ് റംലയുടെ വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും സഹായത്തിന് ആരുമില്ലാത്ത അവസ്ഥയും പരിഗണിച്ചാണ് മായിത്തറ സർക്കാർ വൃദ്ധസദനത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്.

date