Skip to main content
.

മാലിന്യമുക്തം നവകേരളം' മെഗാ ഡ്രൈവ്; ശേഖരിച്ചത് മൂന്ന് ലോഡ് മാലിന്യങ്ങള്‍

'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യ സംസ്‌കരണ മെഗാ ഡ്രൈവില്‍ കളക്ട്രേറ്റിലെ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്‌ളീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ചു. വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന മൂന്ന് ലോഡ് മാലിന്യങ്ങളാണ് ഓഫീസുകളില്‍ നിന്നും ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാലിന്യങ്ങളുമായി പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്ന് (ജൂണ്‍1) സംഘടിപ്പിക്കുന്ന മെഗാ ശുചീകരണ യജ്ഞത്തില്‍ ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷനും മറ്റു താലൂക്ക് തല സിവില്‍ സ്റ്റേഷനുകളും ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും വൃത്തിയാക്കി അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കും. മെഗാ ശുചീകരണ യജ്ഞത്തില്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, യുവജന ക്ലബ്ബുകള്‍, എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തമുണ്ടാവും. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓഫീസുകള്‍ക്ക് പുറമെ പൊതു ഇടങ്ങളും ജില്ലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ശുചീകരിക്കും.
ജൂണ്‍ 2 നു ജില്ലയുടെ പ്രധാന കേന്ദ്രങ്ങളായ ചെറുതോണി, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, മൂന്നാര്‍, കുമളി തൊടുപുഴ എന്നിവിടങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ സന്ദേശ റാലികളും ഫ്ളാഷ്‌മോബ്, തെരുവ് നാടകം, നാടന്‍ പാട്ട് തുങ്ങിയ ഉള്‍പ്പെടെയുള്ള വിവിധ കലാപരിപാടികളോടെ പൊതുസമ്മേളനവും സംഘടിപ്പിക്കും. ശുചിത്വ റാലിയിലും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലും ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, എന്‍. എസ്. എസ്., എസ്.പി.സി. വിദ്യാര്‍ഥികള്‍, യുവജന സംഘടനകള്‍, ഹരിത കര്‍മ്മസേന തുടങ്ങിയവര്‍ പങ്കെടുക്കും.

ചിത്രം:
മാലിന്യമുക്തം നവകേരളം കാമ്പയ്‌ന്റെ ഭാഗമായി ശേഖരിച്ച മാലിന്യങ്ങളുമായി പോകുന്ന വാഹനം ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യുന്നു

date