Skip to main content
ജൽശക്തി അഭിയാൻ

ജൽശക്തി അഭിയാൻ: കേന്ദ്ര സംഘത്തിന്റെ സന്ദർശനത്തിന് ജില്ലയിൽ തുടക്കമായി

 

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജൽശക്തി അഭിയാൻ കേന്ദ്രസംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി കോഴിക്കോട് ജില്ലയിലെത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം  സന്ദർശനം നടത്തുന്നത്. ജൽശക്തി അഭിയാൻ കേന്ദ്ര നോഡൽ ഓഫീസർ രാഖേഷ് കുമാർ മീണ, 
ജൽശക്തി അഭിയാൻ ടെക്നിക്കൽ ഓഫീസർ ഡോ. അനുഖരൻ ഖുജുർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം ന‌ടത്തുന്നത്. വിവിധ വകുപ്പുകൾ നടപ്പിലാക്കിയ ജില്ലയിലെ  വിവിധ ജലസംരക്ഷണ പദ്ധതികൾ സംഘം നേരിട്ടുകണ്ട് വിലയിരുത്തും. 

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രസന്റേഷനും ചർച്ചയും നടന്നു. 
സബ് കലക്ടർ വി ചെൽസാ സിനി അധ്യക്ഷത വഹിച്ചു. ജില്ലാ ഭൂഗർഭ ജല വകുപ്പ് ഹൈഡ്രോളിജിസ്റ്റ് എം പി അരുൺ പ്രഭാകർ പവർ പോയിന്റ്  പ്രസന്റേഷൻ അവതരിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ സമീർ കിഷൻ, ഭൂഗർഭ ജല വകുപ്പ് ജില്ലാ ഓഫീസർ ജിജോ വി ജോസഫ് എന്നിവർ സംസാരിച്ചു.

ജില്ലയിൽ നടത്തിയ വിവിധ ജലസംരക്ഷണ പദ്ധതികളെ കുറിച്ചും  പ്രവർത്തനങ്ങളെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. ജലസംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുള്ള ആശയങ്ങളെ കുറിച്ചും ജലത്തിന്റെ വിവിധ ഉപയോഗങ്ങളെ കുറിച്ചും ചർച്ച ചെയ്തു. തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ ഓഫീസ്, മാനാഞ്ചിറ, നീലിച്ചിറ കുളം, ബോട്ടാണിക്കൽ ഗാർഡൻ  അമൃത് സരോവരം പദ്ധതി, ഫറോക്ക്, ഒളവണ്ണ പഞ്ചായത്തുകളിലും സന്ദർശനം നടത്തി. ജൂൺ ഒന്നിന് കൊയിലാണ്ടി നഗരസഭ, പന്തലായനി ബ്ലോക്കിലെയും  വിവിധ പദ്ധതികളും വടകര, മണിയൂർ, മൂടാടി , വേളം പഞ്ചായത്തുകളിലും സംഘം സന്ദർശനം നടത്തും.

date