Skip to main content
മഴക്കാല മുന്നൊരുക്കം

മഴക്കാല മുന്നൊരുക്കം - അവലോകന യോഗം ചേർന്നു

 

മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധസേന അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായോ എന്ന് പരിശോധിക്കാനും മന്ത്രി ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന് കീഴിലുള്ള മാനേജ്മെന്റ് വിഭാഗം കൃത്യമായ ഇടവേളകളിൽ ഇത് മോണിറ്റർ ചെയ്തുകൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലത്തിന് മുന്നോടിയായ ഓരോ വകുപ്പുകളും സ്വീകരിച്ചിട്ടുള്ള നടപടികൾ യോഗം വിലയിരുത്തി.

പൊതുസ്ഥലത്തും സ്വകാര്യസ്ഥലത്തുമുള്ള അപകടകരമായ എല്ലാ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. അനാവശ്യ ഭീതി സൃഷ്ടിക്കാനും തെറ്റായ വാർത്തകൾ പരത്താനുമുള്ള സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കാനിടയുള്ള ഉത്തരവാദിത്വമില്ലാത്ത വാർത്തകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥ വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകൾ കൃത്യസമയത്ത് തന്നെ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.  ദേശീയപാത വികസനത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും വെള്ളമൊഴിഞ്ഞിരുന്ന തോടുകൾ അടഞ്ഞു പോയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണം. അശാസ്ത്രീയമായ മണലെടുപ്പു കാരണം ദുരിതത്തിലായ പന്തലായനി, വിയ്യൂർ വില്ലേജുകളിലെ 14 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായ നടപടികൾ സ്വീകരിക്കാനും മന്ത്രി  പറഞ്ഞു.

ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ നിയോഗിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ട കെട്ടിടങ്ങൾ തിരഞ്ഞെടുക്കുകയും, ദുരന്ത സാധ്യത മേഖലകളിൽ കഴിയുന്ന കുടുംബാംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. പോലീസ്, ഫയർഫോഴ്സ്, കോസ്റ്റ് കാർഡ് തുടങ്ങിയവരെ ഏതു അടിയന്തരഘട്ടങ്ങളെയും നേരിടാൻ കഴിയുന്ന തരത്തിൽ സജ്ജരാക്കും.  മഴക്കാലത്ത് ഉണ്ടാകാനിടയുള്ള പകർച്ചവ്യാധികൾ തടയാനുള്ള മരുന്നുകൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒരുക്കും. ജലം മലിനീകരണം കൊണ്ടുള്ള രോഗസാധ്യതയും പകർച്ചവ്യാധികളെയും കരുതലോടെ നേരിടാനാവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് കെെക്കൊള്ളും. 

യോഗത്തിൽ എം.എൽ.എ മാരായ പി.ടി.എ റഹീം, തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ജില്ലാ കലക്ടർ എ ഗീത, എ.ഡി.എം സി മുഹമ്മദ് റഫീഖ്, തദ്ദേശ സ്വയഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി ടി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. റവന്യൂ, എൽ.എസ്.ജി.ഡി, ആരോഗ്യം, കെ.എസ്.ഇ.ബി, ദേശീയപാത അതോറിറ്റി ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

date