Skip to main content

സ്‌കൂളുകൾ ഇന്നു തുറക്കും; നവാഗതരെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ

- ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തലയോലപ്പറമ്പിൽ

കോട്ടയം: പുതിയ അധ്യയനവർഷത്തെ വരവേറ്റ് ജില്ലയിലെ സ്‌കൂളുകൾ ഇന്ന് ( വ്യാഴം ജൂൺ 1) തുറക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി 11,000ത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ പറഞ്ഞു. അധ്യാപകർക്കുള്ള പരിശീലനം മേയ് 25ന് പൂർത്തിയായി. കെട്ടിടങ്ങളുടെ ഫിറ്റ്നസ്, സ്‌കൂൾ ബസിന്റെ ഫിറ്റ്നസ്, സ്‌കൂൾ-പാചകപ്പുര ശുചീകരണം എന്നിവ സംബന്ധിച്ച പരിശോധനകളും പൂർത്തിയായി. ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങൾക്ക് പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ എന്നിവരുടെ സംഘം സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ 898 വിദ്യാലയങ്ങളും നേരിട്ട് സന്ദർശിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണവിതരണത്തിനുള്ള അരി സപ്ലൈകോ വഴി സ്‌കൂളുകളിൽ എത്തിക്കും. ഇന്നു മുതൽ തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പറഞ്ഞു.

date