Skip to main content

കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ: എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

കോട്ടക്കൽ, എടയൂർ, പുത്തനത്താണി, കാടാമ്പുഴ പ്രദേശങ്ങളിലെ വോൾട്ടേജ് പ്രശ്‌നം പരിഹരിക്കുന്നതിനായി കാടാമ്പുഴ മരവട്ടത്ത് നിർമിക്കുന്ന 110 കെ.വി സബ് സ്റ്റേഷനുമായി ബന്ധപ്പെട്ട് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ടവർ ഷെഡ്യൂൾ, ഫൗണ്ടേഷൻ ഡിസൈൻ എന്നിവ അംഗീകാരമാകുന്ന മുറയ്ക്ക് ജൂൺ പകുതിയോടെ ലൈൻ വർക്കിന്റെ എസ്റ്റിമേറ്റ് അന്തിമമാക്കി പ്രവൃത്തി ടെണ്ടർ ചെയ്യാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ആഗസ്റ്റ് ആദ്യവാരത്തോടെ ലൈൻ നിർമാണ പ്രവൃത്തികളും സ്ഥലം ബോർഡിന് കൈമാറുന്നതോടെ സബ്‌സ്റ്റേഷന്റെ നിർമാണവും ആരംഭിക്കാനാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

കോട്ടക്കൽ, എടയൂർ, പുത്തനത്താണി, കാടാമ്പുഴ പ്രദേശങ്ങളിലേക്കാണ് ഈ സബ് സ്റ്റേഷന്റെ ഗുണം പ്രധാനമായും ലഭിക്കുക. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി ഫീഡ് ചെയ്യുന്നത് എടരിക്കോട്, കുറ്റിപ്പുറം സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഈ രണ്ട് സബ് സ്റ്റേഷനുകളിൽ നിന്നുള്ള ദൂരം കൂടുതൽ കാരണം വോൾട്ടേജ് ക്ഷാമവും ഇടക്കിടെ വൈദ്യുത വിതരണ തടസ്സവും ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരമായിട്ടാണ് 110 കെ.വി മാലാപറമ്പ്- കുറ്റിപ്പുറം ലൈനിൽ നിന്നും അഞ്ച് കിലോ മീറ്റർ ലൈൻ നിർമിച്ചു കാടാമ്പുഴ മരവട്ടത്ത് 110 കെ.വി സബ് സ്റ്റേഷൻ നിർമാണം നടത്തുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 

പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം പൂർത്തീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ വില നിർണയമടക്കമുള്ള നടപടികളാണ് റവന്യു ഭൂമി ഏറ്റെടുക്കൽ വിഭാഗം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിർദിഷ്ട സബ് സ്റ്റേഷനിലേക്കുള്ള 110 കെ.വി ഡബിൾ സർക്യൂട്ട് നിർമാണത്തിനുള്ള നടപടികൾ കെ.എസ്.ഇ.ബി.എൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിർദിഷ്ട ലൈൻ എടയൂർ, മേൽമുറി, മാറാക്കര, കുറുവ, വില്ലേജുകളിൽ കൂടിയാണ് കടന്നുപോകുന്നത്. 

കോട്ടക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ഇബ്രാഹീം, സജിത നന്നേങ്ങാടൻ, കോട്ടക്കൽ നഗരസഭ ഉപാധ്യക്ഷൻ പി.പി ഉമ്മർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞി മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. നാസിബുദ്ദീൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ.പി. ജാഫർ അലി, പാമ്പലത്ത് നജ്മത്ത്, മെമ്പർമാരായ ടി.വി. റാബിയ, മുഫീദ അൻവർ, ശ്രീഹരി, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ കെ. സീന ജോർജ്ജ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.കെ സുദേവ് കുമാർ, ഭൂമി ഏറ്റെടുക്കൽ വിഭാഗം സ്‌പെഷ്യൽ തഹസിൽദാർ കെ.ടി. അബ്ദുൽ ഹലീം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സി. വിജയൻ, പി. ഫ്രൈലി തുടങ്ങിയവർ പങ്കെടുത്തു.

date