Skip to main content
അണ്ടത്തോട് ജി എം എൽ പി സ്കൂളിന്റെ സ്ഥലം രജിസ്ട്രേഷൻ പൂർത്തീകരിച്ച രേഖകളുമായി പഞ്ചായത്ത് ഭാരവാഹികളും സ്കൂൾ അധികൃതരും

അണ്ടത്തോട് സ്കൂളിന് ഇരട്ടി മധുരം

അധ്യയന വർഷ സമ്മാനമായി 32.7 സെന്റ് സ്ഥലം കൂടി പഞ്ചായത്ത് ഏറ്റെടുത്തു

വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം അണ്ടത്തോട് ജി എം എൽ പി വിദ്യാലയത്തിന് സ്വന്തമായ സ്ഥലത്ത് സ്വന്തം കെട്ടിടമെന്ന എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. സ്കൂളിന് വേണ്ടി 32.7 സെൻറ് സ്ഥലം കൂടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു. 25.17 ലക്ഷം രൂപയാണ് പഞ്ചായത്തിന് വിദ്യാലയത്തിന് സ്ഥലം ഏറ്റെടുക്കാനായി വിനിയോഗിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.

മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിദ്യാലയത്തിന് 20 സെന്റ് സ്ഥലം നേരത്തെ സൗജന്യമായി ലഭിച്ചിരുന്നു. ഇതോടെ വിദ്യാലയം 50 സെന്റ് സ്ഥലത്തിന്റെ അവകാശിയായി. കുരുന്നുകൾക്ക് വിദ്യയുടെ അക്ഷരം പകർന്നു നൽകുന്നതിന് സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെയുള്ള വിദ്യാലയം  ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷഹീർ പറഞ്ഞു.

150 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയമാണ് അണ്ടത്തോട് ജിഎം എൽ പി സ്കൂൾ. തീരദേശ മേഖലയിലെ സാധാരണക്കാരായ  വിദ്യാർത്ഥികളുടെ ഏക ആശ്രയവും തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയവും കൂടിയാണിത്. 230 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കാലങ്ങളായി വാടക കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. എന്നാൽ ആ കെട്ടിടം തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റേണ്ടിവന്നു.ഒരു വർഷമായി അണ്ടത്തോട് മഹല്ലിന്റെ മദ്രസ്സയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. വിദ്യാലയം യാഥാർത്ഥ്യമാകുന്നതോടെ ഒരു നാടിൻെറ ചിരകാല സ്വപ്നമാണ് പൂവണിയുക.

date