സംരക്ഷണ കേന്ദ്രം പദ്ധതി ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത തെറ്റ് - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം ജില്ലാ പഞ്ചായത്ത് 2022-23ല്‍ കുരിയോട്ടുമല ഫാമില്‍ ആരംഭിച്ച തെരുവുനായകള്‍ക്കുള്ള സംരക്ഷണ കേന്ദ്രം പദ്ധതി ഉപേക്ഷിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അറിയിച്ചു. ജില്ലയിലെ തെരുവുനായ ശല്യത്തിന് പരിഹാരമെന്ന നിലയില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത എ ബി സി പദ്ധതി നടപ്പിലാക്കാന്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥലങ്ങള്‍ ആലോചിച്ചെങ്കിലും വിവിധതരത്തിലുള്ള എതിര്‍പ്പുകളും മൃഗസംരക്ഷണ വകുപ്പും ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളും മൂലം അനുയോജ്യമായ സ്ഥലം ലഭ്യമായില്ല.
തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ കുരിയോട്ടുമല ഫാമില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഡോഗ് ഷെല്‍ട്ടര്‍ കെട്ടിടത്തിനോട് ചേര്‍ന്ന് എ ബി സി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണ്. എ ബി സി പദ്ധതിക്കായി 30 ലക്ഷം രൂപയും ഡോഗ് ഷെല്‍ട്ടര്‍ തുടര്‍ പ്രവര്‍ത്തനത്തിനായി ഈ സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ പ്രത്യേക സമിതിയും വെറ്റിനറി വകുപ്പിലെ വിദഗ്ധരും ചേര്‍ന്ന് ചര്‍ച്ച നടത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
- Log in to post comments