Skip to main content
വനഭൂമി പതിവ് സ്പെഷ്യൽ തഹസിൽദാരുടെ പുതിയ ഓഫിസ് കലക്ട്രേറ്റിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

ജില്ലയ്ക്കിത് സ്വപ്ന സാക്ഷാത്ക്കാരം; വനഭൂമി പട്ടയ വിതരണത്തിന് പ്രത്യേക ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

പട്ടയ വിതരണത്തിലെ നിയമ തടസ്സങ്ങള്‍ നീക്കുമെന്ന് റവന്യൂ മന്ത്രി

തൃശൂര്‍ ജില്ലയ്ക്കിത് സ്വപ്നസാക്ഷാത്ക്കാരം. വനഭൂമി പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം യാഥാര്‍ഥ്യമായി. വനഭൂമി പതിവ് സ്പെഷ്യല്‍ തഹ്സില്‍ദാരുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

പട്ടയങ്ങളില്‍ ഏറ്റവും സങ്കീര്‍ണമായ നടപടിക്രമങ്ങളാണ് വനഭൂമി പട്ടയങ്ങളുടേതെന്നും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇവ നല്‍കാനാവൂ എന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ അതിലടങ്ങിയ സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഒരു ഓഫീസ് അനിവാര്യമാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ആവശ്യമായ പുതിയ ഓഫീസ് ഉദ്ഘാടനത്തിലൂടെ യാഥാര്‍ഥ്യമായതെന്നും മന്ത്രി പറഞ്ഞു. 18 തസ്തികകളോടെയാണ് സ്പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫീസ് കലക്ടറേറ്റിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ച 5000ത്തോളം അപേക്ഷകളില്‍ വനം വകുപ്പുമായുള്ള സംയുക്ത പരിശോധനയും (ജെവിആര്‍) സര്‍വേ നടപടികളും ഉള്‍പ്പെടെ മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കി അവ അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കുക എന്നതാണ് പുതിയ ഓഫീസിന്റെ പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം ജില്ലയില്‍ 5000 പേര്‍ക്ക് വനഭൂമി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് പുതിയ ഓഫീസ് നേതൃത്വം നല്‍കണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പ്രത്യേക സര്‍വേ ടീം ആവശ്യമാണെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും.

ഇതിനു പുറമെ, നിലവിലുള്ള പട്ടയ അപേക്ഷകളില്‍ ജെവിആറും സര്‍വേയും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അവ ഓണ്‍ലൈനായി കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിന് അയക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം.

നിലവില്‍ തലമുറകളായി വനഭൂമി കൈവശം വയ്ക്കുകയും എന്നാല്‍ ഇതു വരെ പട്ടയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ആളുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണം. ഇതിനായി ജില്ലയിലെ മലയോര പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളില്‍ പ്രത്യേക അദാലത്ത് നടത്തുകയും ഇനി എത്ര പേര്‍ക്ക് വനഭൂമി പട്ടം നല്‍കാന്‍ ബാക്കിയുണ്ട് എന്ന കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും മന്ത്രി പറഞ്ഞു.

ഭൂരഹിതരായ ജനങ്ങളോട് പക്ഷം ചേര്‍ന്നു നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും പട്ടയ വിതരണത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിന് ആവശ്യമായ രീതിയില്‍ നിയമനിര്‍മാണങ്ങളും ഭേദഗതികളും കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നതായും മന്ത്രി പറഞ്ഞു. വനഭൂമി പട്ടയത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടും ജെവിആര്‍ ഇല്ലാത്തതിനാല്‍ പട്ടയ വിതരണം സാധ്യമാവാത്ത നിരവധി കേസുകളില്‍ ഉള്‍പ്പെടെ പരിഹാരം കാണാന്‍ നിയമഭേദഗതിയിലൂടെ സര്‍ക്കാരിന് സാധിച്ചു.

ജില്ലാ ആസൂത്രണ ഭവന ഹാളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ സി മൊയ്തീൻ, കെ കെ രാമചന്ദ്രന്‍, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്, സ്പെഷ്യല്‍ തഹസില്‍ദാര്‍ വി ആര്‍ ഷീജന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date