Skip to main content

ജില്ലയില്‍ ശക്തമായ ദുരിതാശ്വാസ പ്രവര്‍ത്തനം

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളും സന്നദ്ധ സംഘനകളും പൊതുജനങ്ങളും ഒന്നിച്ചു നീങ്ങുന്ന കാഴ്‌ചയാണു കാണാനാവുന്നത്‌. ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചാലക്കുടിയിലും കൊടുങ്ങല്ലൂരിലും ജില്ലയിലെ മറ്റ്‌ പ്രളയബാധിത പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷാപ്രവര്‍ത്തകര്‍ ക്യാമ്പുകളിലേക്ക്‌ മാറ്റുകയും ചെയ്യുന്നുണ്ട്‌. നേവിയുടേതടക്കം 12 ബോട്ടുകള്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുണ്ട്‌. ഒന്‍പത്‌ ഹെലിക്കോപ്‌റ്റര്‍, എന്‍ ഡി ആര്‍ എഫിലെ സേനാംഗങ്ങള്‍, മിലിട്ടറി എഞ്ചിനീയറിങ്ങ്‌ സംഘം, റവന്യൂ, ഫയര്‍ഫോഴ്‌സ്‌, പോലീസ്‌ തുടങ്ങി എല്ലാ വകുപ്പുകളും പ്രവര്‍ത്തന സജ്ജമാണ്‌. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ കളക്‌ടറേറ്റിലും താലൂക്കുകളിലുമായി പ്രവര്‍ത്തിക്കുന്നുണ്ട്‌. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജീവനക്കാര്‍ ബന്ധപ്പെട്ട താലൂക്ക്‌ ഓഫീസില്‍ ഉടന്‍ ഹാജരാകാന്‍ ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിര്‍ദ്ദേശിച്ചു. താലൂക്ക്‌ ഓഫീസില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുളള ജീവനക്കാര്‍ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസുകളിലോ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പുകളിലോ റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതാണ്‌. ജില്ലയിലെ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതലായി ഉയര്‍ത്തിയതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പലയിടങ്ങളിലും റോഡുകള്‍ വെളളത്തിത്തിനടിയിലായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കുതിരാന്‍, ദേശമംഗലം, പളളം, കൊച്ചന്നൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ മണ്ണിടിച്ചലുണ്ടായി. മരണവിവരങ്ങള്‍ കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല.

date