കുമളി ഗ്രാമപഞ്ചായത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തില്‍ ഹരിതസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടി കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജനി ബിജു അധ്യക്ഷത വഹിച്ചു.
ജൂണ്‍ 1 മുതല്‍ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്. 20 വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി മാലിന്യമുക്ത പഞ്ചായത്തായി കുമളിയെ പ്രഖ്യാപിക്കുകയും ചെയ്തു. മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഹരിത സഭയില്‍ ചര്‍ച്ച ചെയ്തു. മാലിന്യ സംസ്കരണ കാമ്പയ്ന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും യോഗത്തില്‍ നടത്തി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2024 മാര്‍ച്ചോടുകൂടി മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നവംബര്‍ 30 വരെയുള്ള ഹ്രസ്വകാല ലക്ഷ്യവും 2024 മാര്‍ച്ച് 31 നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളും ഹരിതസഭ ചര്‍ച്ച ചെയ്തു.
കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് കെ എം സിദ്ദീഖ്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, ജിജോ രാധാകൃഷ്ണന്, പ്രദീപ് റ്റി.എസ്, നോളി ജോസഫ്, ഡെയ്സി സെബാസ്റ്റ്യന്‍, എ.ഡി.പി. കെ സെന്‍കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ആര് വെള്ളയ്യന്, ആരോഗ്യ പ്രവര്‍ത്തകര്‍, സി.ഡി.എസ് പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments