Skip to main content

സാഗര്‍ പരിക്രമ യാത്ര ജൂണ്‍ 8ന് ജില്ലയില്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും  മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും

മത്സ്യത്തൊഴിലാളികള്‍, തീരദേശ നിവാസികള്‍ മറ്റ് സ്റ്റോക്ക് ഹോള്‍ഡേഴ്‌സ് എന്നിവരുമായി കേന്ദ്ര- സംസ്ഥാന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സംവദിക്കുന്നതിനായി നടത്തുന്ന തീരദേശ സന്ദര്‍ശന പരിപാടി സാഗര്‍ പരിക്രമ യാത്രയുടെ ഏഴാം ഘട്ടം ജൂണ്‍ 8ന് ജില്ലയില്‍ നടക്കും. വൈകിട്ട് 3ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഗുണഭോക്തൃ സംഗമം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യം വകുപ്പ് മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ.എല്‍.മുരുകന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. 

 

ജൂണ്‍ 8ന് കാസര്‍കോട് മടക്കര ഫിഷിംഗ് ഹാര്‍ബറില്‍ നിന്നും ജില്ലയിലെ സാഗര്‍ പരിക്രമ യാത്ര ആരംഭിക്കും. തുടര്‍ന്ന് പള്ളിക്കര ഫിഷര്‍മെന്‍ കോളനി സന്ദര്‍ശിക്കും. ശേഷം കാഞ്ഞങ്ങാട് പി.എം.എം.എസ്.വൈ ഗുണഭോക്തൃ യോഗം ചേരും. 

 

 വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തുക, മത്സ്യത്തൊഴിലാളികളുമായി സംവദിക്കുക കൂടാതെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, അനുഭവങ്ങള്‍ മനസ്സിലാക്കുക എന്നതാണ് ഈ യാത്രയുടെ ഉദ്ദേശം. പരിപാടിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍, മത്സ്യകര്‍ഷകര്‍, മത്സ്യമേഖലയിലെ സംരംഭകര്‍ എന്നിവരെ ആദരിക്കും. അര്‍ഹരായവര്‍ക്ക് അവാര്‍ഡുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യും. 2022 മാര്‍ച്ച് 5ന് ഗുജറാത്തിലെ മാണ്‍ഡ്വിയില്‍ നിന്നും തുടങ്ങിയ സാഗര്‍ പരിക്രമ യാത്രയുടെ ആറ് ഘട്ടങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഗുജറാത്ത്, ദാമന്‍ ആന്റ് ദിയും, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചു

date