Skip to main content

ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണവും, ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സും സംഘടിപ്പിച്ചു 

 

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ എസൻമിലോ 23 എന്ന പേരിൽ ലോക ഭക്ഷ്യ സുരക്ഷാ ദിനാചരണവും, ഇന്റര്‍നാഷനല്‍ ഇയര്‍ ഓഫ് മില്ലറ്റ്‌സും സംഘടിപ്പിച്ചു. കടവന്ത്ര വിനായക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി  മേയർ അഡ്വ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങളുടെ  ഉൽപാദനം വർദ്ധിപ്പിച്ച് ദേശീയ വരുമാനത്തിൽ വർദ്ധന ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്ന്  മേയർ പറഞ്ഞു. രാസവളം ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. മില്ലറ്റുകൾ സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.

ജീവിതശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ മില്ലറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ആഹാരരീതി ആരോഗ്യത്തിന് വളരെ ഉത്തമമാണെന്ന്   ഹൈബി ഈഡൻ എംപി പറഞ്ഞു.സേവ് ഫുഡ് ഷെയർ ഫുഡ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മില്ലറ്റ് ഉൽപ്പന്നങ്ങളുടെ സ്വാദ് നഷ്ടപ്പെടാതെ തന്നെ പാകം ചെയ്യാൻ സാധിക്കണം. കൃഷിക്ക് പരിമിതമായ ജലവും അധ്വാനവും വിഭവങ്ങളും മാത്രം ആവശ്യമായ മില്ലറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണെന്നും എം പി പറഞ്ഞു.  കരുണാലയം, സ്നേഹ സദനം അസീസി റിലീഫ് സെൻ്റർ എന്നിവിടങ്ങളിലേക്കുള്ള സൗജന്യ ഭക്ഷണ കിറ്റുകളുടെ ഉദ്ഘാടനവും എം പി നിർവഹിച്ചു.

ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മില്ലറ്റ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കൽ മത്സരം   ജില്ലാ ലീഗ് സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എൻ രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

ആരോഗ്യകരമായ ജീവിതശൈലിക്ക് മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ടേസ്റ്റി നിബിൾസ് കോർപ്പറേറ്റ് ഷെഫ് ടി പി പോൾസൺ ക്ലാസുകൾ നയിച്ചു. പരിപാടിയോടനുബന്ധിച്ച് മില്ലറ്റ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിരുന്നു.

ഉമ തോമസ് എംഎൽഎ  അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി അസിസ്റ്റൻ്റ് കമ്മീഷണർ പി കെ ജോൺ വിജയകുമാർ,  കൗൺസിലർ ആൻ്റണി പൈനുതറ, അങ്കമാലി ഫുഡ് സേഫ്റ്റി ഓഫീസർ വി ഷണ്മുഖൻ, എം ആർ ടി ഓർഗാനിക്സ് ഡയറക്ടർ മാഹിബാലൻ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ, ബേക്കറി അസോസിയേഷൻ, കാറ്ററിങ് അസോസിയേഷൻ പ്രസിഡൻ്റുമാർ തുടങ്ങിയവർ  പങ്കെടുത്തു.

date