Skip to main content

രണ്ടരലക്ഷം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക്; ഡ്രൈ ഡേ ആചരണത്തിന് വിദ്യാര്‍ഥികള്‍ക്ക് ചെക്ക് ലിസ്റ്റ്

സമ്പൂര്‍ണ ഉറവിട നിര്‍മാര്‍ജന യജ്ഞത്തിലൂടെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ്. സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് അവരവരുടെ വീടും പരിസരവും ഉറവിട മുക്തമാക്കുന്നതാണ് പദ്ധതി. എല്ലാ ഞായറാഴ്ചകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വീടുകളില്‍ ശാസ്ത്രീയമായി നടപ്പാക്കി ഡ്രൈ ഡേ ആചരണം ശക്തിപ്പെടുത്തും. ഇതിനായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓരോ ആഴ്ചയിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും അനുബന്ധ പ്രക്രിയകളും അടങ്ങുന്ന ചെക്ക് ലിസ്റ്റ് ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും നല്‍കും. രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. ആരോഗ്യപ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലെത്തി ക്ലാസുകള്‍ നയിക്കും. അധ്യാപകരുടെയും വിദഗ്ധ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തകരെ ഉപജില്ല/ ബ്ലോക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. ജില്ലാടിസ്ഥാനത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ക്യാഷ് അവാര്‍ഡ്, പ്രശംസാപത്രം, ട്രോഫി എന്നിവ സമ്മാനിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു.  

എന്താണ് ഡ്രൈ ഡേ ആചരണം?

ആഴ്ചയിലൊരിക്കല്‍ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പരിസരത്തും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ് ഡ്രൈ ഡേ അചരണം. കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധികള്‍ തടയാനും വീടും പരിസരവും മാലിന്യമുക്തമായി നിലനിര്‍ത്താനും സാധിക്കും.

കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍  

മുറ്റത്തോ പരിസരത്തോ കെട്ടിടത്തിനുള്ളിലോ വെള്ളം കെട്ടികിടക്കാന്‍ സാധ്യതയുള്ള വസ്തുക്കളും ഉപകരണങ്ങളും മാലിന്യങ്ങളുമെല്ലാം കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യമൊരുക്കുന്നു. വെറും ഒരു സ്പൂണ്‍ വെള്ളത്തില്‍ പോലും കൊതുക് മുട്ടയിട്ട് പെരുകും.

മുട്ടത്തോട്, ചിരട്ട, കമുകിന്‍ പാള, തുറന്ന കുപ്പി, പ്ലാസ്റ്റിക് വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, വെള്ളം ശേഖരിച്ച പാത്രങ്ങള്‍, തുറന്ന ടാങ്കുകള്‍, വെള്ളം ഒഴുകിപ്പോകാത്ത ടെറസുകള്‍, സണ്‍ഷേഡ്, പാത്തി, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍, ഫ്രിഡ്ജ്, എ സി, കൂളര്‍ തുടങ്ങിയവയുടെ അടിയിലും പിറകിലുമുള്ള ട്രേ എന്നിങ്ങനെ വീടും പരിസരവും നിരീക്ഷിച്ചാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കുട്ടികള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുകയും രക്ഷിതാക്കളുടെ സഹായത്തോടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും.

 ഡ്രൈ ഡേ ആഴ്ചയിലൊരിക്കല്‍

എല്ലാ വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലുമായാണ് ഡ്രൈഡേ ആചരണം. കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കി പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സ്വമേധയാ എല്ലാവരും മുന്നോട്ടുവരണമെന്ന് ഡി എം ഒ അറിയിച്ചു.

date