Skip to main content

ലോക ലഹരി വിരുദ്ധ ദിനം: ജില്ലയിൽ വിവിധ പരിപാടികൾ

 

നാളെ (ജൂൺ 26) ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

പൊതുസ്ഥലങ്ങളിലുള്ള ലഹരി ഉപയോഗം കുറക്കുന്നതിന് വഴിയൊരുക്കുക എന്ന ആശയമുയർത്തി "ഓപ്പറേഷൻ സൽസമുക്ക്"പദ്ധതിക്ക് നാളെ തുടക്കമാകും. സാമൂഹ്യ വിരുദ്ധർ ലഹരി ഉപയോഗിക്കാനായി തിരഞ്ഞെടുക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി അവ സൗന്ദര്യവത്ക്കരിച്ച്‌ പൊതുജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കി മാറ്റുന്ന പദ്ധതിയാണ് "ഓപ്പറേഷൻ സൽസമുക്ക്".
മാനാഞ്ചിറ ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള മതിലിൽ നാളെ രാവിലെ 9 മണി മുതൽ മ്യൂറൽ വാൾ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ 13 കോളേജുകളിലെ 130-ഓളം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പുതുലഹരി എന്ന ആശയത്തിൽ 40 മീറ്റർ നീളത്തിലാണ് മ്യൂറൽ വാൾ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്‌ടർ എ.ഗീത നിർവ്വഹിക്കും. 

‘പുതുലഹരിയിലേക്ക്‌..’. എന്ന പദ്ധതിയുടെ ഭാഗമായാണ് "ഓപ്പറേഷൻ സൽസമുക്ക്" സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത്‌ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ ആസൂത്രണം ചെയ്യുന്ന ഒരു വർഷം നീണ്ട്‌ നില്ക്കുന്ന ലഹരി വിരുദ്ധ അവബോധ പദ്ധതിയാണ്‌ ‘പുതുലഹരിയിലേക്ക്‌..’. മനസ്സിനും ശരീരത്തിനും ഒരുപോലെ ഹാനികരമാകുന്ന ലഹരികൾ ഒഴിവാക്കി പ്രതീക്ഷകളുടെ ആരോഗ്യകരമായ ഒരു പുതുലഹരി (കല, സാഹിത്യം, സിനിമ, യാത്ര, ഭക്ഷണം,.....)കണ്ടെത്തുക എന്ന  ആശയമാണ് 'പുതുലഹരി'യിലൂടെ  മുന്നോട്ടുവെയ്ക്കുന്നത്. 

തുടർന്ന് 10മണിക്ക് ഗവ. മോഡൽ  സ്‌കൂളിലെ 200  ഓളം കുട്ടികളെ അണിനിരത്തിയുള്ള റാലി സംഘടിപ്പിക്കും. അതോടൊപ്പം, പുതുലഹരിയിലേയ്‌ക്ക്‌ എന്ന ആശയത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രിയപ്പെട്ടവർക്കായി കത്തെഴുത്തും  സംഘടിപ്പിക്കന്നുണ്ട്.

ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ പയ്യാനക്കൽ ജി വി എച്ച് എസ് എസ്സിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ബോധവൽക്കരണ ക്ലാസ് നടക്കും.

date