Skip to main content

കര്‍ഷകനൊപ്പം പാടത്തേക്കിറങ്ങുന്ന കാര്‍ഷിക സര്‍വകലാശാലകളാണ് വളര്‍ന്നു വരേണ്ടത്: സ്പീക്കര്‍

കര്‍ഷകനൊപ്പം പാടത്തേക്കിറങ്ങുന്ന കാര്‍ഷിക സര്‍വകലാശാലകളാണ് കേരളത്തില്‍ വളര്‍ന്നു വരേണ്ടതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും തിരുവനന്തപുരം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാനുള്ള യജ്ഞത്തിലാണ് സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും. കാര്‍ഷിക സംസ്‌കാരത്തിനുപരിയായി ഒരു ജീവനോപാധിയായി മാറിയെങ്കില്‍ മാത്രമേ കൃഷി നിലനില്‍ക്കുകയുള്ളൂ. നമ്മുടെ വിളകള്‍ക്ക് അനുസരിച്ച് മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ക്കുള്ള പദ്ധതികള്‍ ഉണ്ടാവേണ്ടതുണ്ട്. നല്ല ഭക്ഷണത്തിനായുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ജൈവകൃഷി വളര്‍ന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂട്ടുകൃഷി സംരംഭങ്ങള്‍ പ്രോത്‌സാഹിപ്പിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആധുനിക കാലഘട്ടത്തിനനുസരിച്ച് ഐ.ടിയുടെ സഹായത്തോടെ നിരവധി മാറ്റങ്ങള്‍ക്കാണ് കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും കര്‍ഷകര്‍ക്കാവശ്യമായ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുമായി പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. 4315 കേന്ദ്രങ്ങളില്‍ ഓണച്ചന്തകള്‍ ഒരുക്കും. വരും വര്‍ഷം നാളീകേര വികസനത്തിന് ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കര്‍ഷകരെ ആദരിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി. തിലോത്തമന്‍, എം. എല്‍. എമാരായ കെ. എം. മാണി, പി. ജെ. ജോസഫ്, കെ. കൃഷ്ണന്‍കുട്ടി, എ. കെ. ശശീന്ദ്രന്‍, ഉമ്മര്‍, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ വി. കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൃഷി വകുപ്പ് സെക്രട്ടറി ടീക്ക റാം മീണ, ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പി.എന്‍.എക്‌സ്.3639/17

date