Skip to main content

മാലിന്യമുക്ത നവകേരളം: ജൈവമാലിന്യ ഉറവിട സംസ്‌കരണ ഉപാധികള്‍ ഉറപ്പാക്കും

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ജൈവമാലിന്യ ഉറവിട സംസ്‌കരണ ഉപാധികള്‍ ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. രണ്ടാംഘട്ടം ആസൂത്രണം ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഉറവിട സംസ്‌കരണ ഉപാധികള്‍ ഇല്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തിയാണ് സംവിധാനങ്ങള്‍ സജ്ജമാക്കുക. വാര്‍ഡ് തലത്തിലും ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുമാകും സന്ദര്‍ശനം. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, വൊളന്റിയര്‍മാര്‍, സാക്ഷരത പ്രേരകമാര്‍, എസ് സി-എസ് ടി പ്രമോട്ടര്‍മാര്‍ തുടങ്ങിയവരെ ഇതിനായി നിയോഗിക്കും.

ഖരമാലിന്യങ്ങളുടെ ശേഖരണവും ഓഗസ്റ്റില്‍ 100 ശതമാനം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അജൈവമാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്‌കരണത്തിനുമായി ശാസ്ത്രീയ സംവിധാനം ഒരുക്കും. സാനിറ്ററി മാലിന്യ നിര്‍മാര്‍ജനത്തിന് ഇന്‍സിനേറ്റര്‍ ഉള്‍പ്പെടെ സ്ഥാപിക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുനചക്രമിക്കാനുള്ള സംവിധാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ജലാശയങ്ങളുടെ ശുചീകരണവും അനുബന്ധമായി നടത്തും. ക്യാമ്പയിനില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും പങ്കാളികളാക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹോളില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ എസ് ജി ഡി ജോയിന്‍ ഡയറക്ടര്‍ ഡി സാജു, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്, കില ജില്ലാ ഫെസിലിറ്റേറ്റര്‍ അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍, ഹരിത കേരളം- ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date