Skip to main content

കാലവര്‍ഷം നേരിടാന്‍ ജില്ല സജ്ജം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ല സജ്ജമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ജില്ലാതല അവലോകന യോഗത്തില്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ശക്തമായി നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുള്ള സൗകര്യം ഒരുക്കി. 188 ക്യാമ്പുകളിലായി 20580 പേരെ ഉള്‍ക്കൊള്ളാനാകും. ആരോഗ്യരംഗത്ത് പ്രത്യേക ശ്രദ്ധ ചെലുത്തും. അവശ്യമരുന്നുകള്‍ ലഭ്യമാണ്. പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ബോധവത്കരണവും വ്യാപകമാക്കണം. ജില്ലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് പി ഡബ്ല്യൂ ഡി, ഫയര്‍ ഫോഴ്‌സ്, വൈദ്യുതി വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.

നാശനഷ്ടങ്ങള്‍ സമയബന്ധിതമായി വിലയിരുത്തി വേണ്ട നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് മൃഗസംരക്ഷണ - ക്ഷീരവികസന മന്ത്രി നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണ്. ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

 

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ വ്യക്തമാക്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഓരോ താലൂക്കിലും ചാര്‍ജ് ഓഫീസറെയും ഓരോ വകുപ്പിനും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ പറഞ്ഞു.

 

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണാന്‍ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രൊജക്ട് ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജലദൗര്‍ബല്യം നേരിടുന്ന മേഖലകളില്‍ ആവശ്യമായ കുടിവെള്ളം എത്തിക്കണമെന്നും എ എം ആരിഫ് എം പി പറഞ്ഞു. മണ്‍ട്രോത്തുരുത്ത്, പടിഞ്ഞാറെ കല്ലട, കിഴക്കേ കല്ലട എന്നിവിടങ്ങളില്‍ മുന്‍കരുതല്‍ നടപടി കൈക്കൊള്ളണമെന്നും പഞ്ചായത്ത് തലത്തില്‍ ഏകോപനം ഉറപ്പാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

 

കൊല്ലം ബീച്ചിലെ കടലാക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷനടപടി സ്വീകരിക്കണമെന്ന് എം എല്‍ എമാരായ എം മുകേഷും എം നൗഷാദും ആവശ്യമുന്നയിച്ചു. കടല്‍ഭിത്തിയിലെ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കണമെന്ന് സുജിത്ത് വിജയന്‍പിള്ള എം എല്‍ എ പറഞ്ഞു. കുളത്തൂപ്പുഴ- തെ•ല ഭാഗത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ച് നീക്കണമെന്ന് പി എസ് സുപാല്‍ എം എല്‍ എ പറഞ്ഞു. ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തണമെന്ന് ജി എസ് ജയലാല്‍ എം എല്‍ എയും ഓടകള്‍ ശുചീകരിച്ച് ജലമൊഴുക്ക് സുഗമമാക്കണമെന്ന് സി ആര്‍ മഹേഷ് എം എല്‍ എയും അഭിപ്രായപ്പെട്ടു. കണ്ണനല്ലൂര്‍ ജങ്ഷനിലെ മുട്ടയ്ക്കാവ് ഭാഗത്ത് 40 അടി താഴ്ചയില്‍ മണ്ണിടിഞ്ഞ ഭാഗം റവന്യൂ, പി ഡബ്ല്യൂ ഡി അധികൃതര്‍ സംയുക്ത പരിശോധന നടത്തണമെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ ആവശ്യമുന്നയിച്ചു.

 

കൊല്ലം, അഴീക്കല്‍ ബീച്ചുകളില്‍ പൊലീസ് പട്രോളിങും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കന്‍ മേഖലയിലും രാത്രിക്കാല, ബൈക്ക് പട്രോളിങ് ഏര്‍പ്പാടാക്കി. ക്യാമ്പുകളില്‍ പൊലീസ് സാന്നിധ്യമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനുള്ള അടിയന്തര ഉപകരണങ്ങള്‍ ഉള്‍പ്പെടെ സജ്ജമാണെന്നും പൊലീസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ പ്രത്യേക യോഗം ചേരാനും തീരുമാനമായി.

 

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ് പി എം എല്‍ സുനില്‍, എ ഡി എം ആര്‍ ബീനാറാണി, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലയില്‍ രണ്ടു ക്യാമ്പുകള്‍ തുറന്നു

ജില്ലയില്‍ നിലവില്‍ കുന്നത്തൂര്‍ താലൂക്കില്‍ രണ്ടു ക്യാമ്പുകള്‍ തുറന്നു. കല്ലേലിഭാഗം വില്ലേജില്‍ എസ് എന്‍ ടി ടി സിയില്‍ ഏഴ് കുടുംബങ്ങളിലായി 20 പേരും വടക്കുംതല വില്ലേജില്‍ കൊല്ലക സി എം എസ് എല്‍ പി എസില്‍ ആറു കുടുംബങ്ങളിലെ 22 പേരെയും താമസിപ്പിച്ചിട്ടുണ്ട്. പനി ബാധിച്ചവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേകം ഐസോലേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചവറ, തൊടുയൂര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടവും ഉറപ്പാക്കി.

 

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കാലവര്‍ഷം ശക്തമാവുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണികൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 0474 2797609, 9526774068, 9656268321, 9895322126 എന്നീ നമ്പറുകളില്‍ അറിയിക്കാം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, അവശ്യമരുന്നുകള്‍, ശുചിത്വം, മാലിന്യനിര്‍മാര്‍ജനം എന്നിവ ഉറപ്പാക്കും. ഡയാലിസിസി, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തയ്യാറാക്കും. മഴ രൂക്ഷമായാല്‍ പാമ്പുകടി സാധ്യത ഉള്ളതിനാല്‍ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.    

 

70 വീടുകള്‍ തകര്‍ന്നു; ഇതുവരെ 4,42,06600 രൂപയുടെ നാശനഷ്ടം

ജൂലൈ ഒന്നുമുതല്‍ മഴക്കെടുതിയില്‍ 67 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് ഏകദേശം 20,42,000 രൂപയുടെ നഷ്ടം കണക്കാക്കിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊല്ലം- 23, കരുനാഗപ്പള്ളി- 8, കൊട്ടാരക്കര- 18, കുന്നത്തൂര്‍ -9, പുനലൂര്‍- 4, പത്തനാപുരം- 5 എന്നിങ്ങനെയാണ് ഭാഗികമായി താലൂക്ക്തലത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം. കൊട്ടാരക്കരയില്‍ രണ്ടും പത്തനാപുരത്ത് ഒരു വീടുമാണ് പൂര്‍ണമായും തകര്‍ന്നത്.

ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ 4,42,06600 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 187.93 ഹെക്ടര്‍ കൃഷിയിടങ്ങള്‍ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. 3031 കര്‍ഷകരില്‍ നിന്നായി 224.53 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 125000 രൂപയുടെ നഷ്ടമുണ്ടായാതായി ഫിഷറീസ് വകുപ്പും 7,491,550 രൂപയുടെ നഷ്ടമുണ്ടായതായി കെ എസ് ഇ ബിയും അറിയിച്ചു.

 

453.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു

ജില്ലയില്‍ ജൂലൈ ആറിന് 568.80 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 71.10 മില്ലിമീറ്റര്‍ മഴ. കുളത്തൂപ്പുഴയാണ് കൂടുതല്‍ മഴ ലഭിച്ചത് - 107.80 മില്ലിമീറ്റര്‍. ഇന്ന് (ജൂലൈ ഏഴ്) ഗ്രീന്‍ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

നദികളിലെ ജലനിരപ്പ്

നിലവില്‍ പള്ളിക്കല്‍ ആറിലാണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. നിലവിലെ ജലനിരപ്പ് 13.53 മീറ്ററാണ്. മുന്നറിയിപ്പുള്ളത് 13.25 മീറ്ററിലാണ്. 14 മീറ്ററിലാണ് അപകട മുന്നറിയിപ്പ്. മറ്റ് നദികളിലെ ജലനിരപ്പ്, മുന്നറിപ്പ് നില എന്നിവ യഥാക്രമം (മീറ്ററില്‍): ഇത്തിക്കര (96.56/98.50), അയിരൂര്‍ (4.38/4.80), അച്ചന്‍കോവില്‍ (31.23/29.70), പള്ളിക്കല്‍ (13.53/13.25), കല്ലട (2.13/4.50) എന്നിങ്ങനെയാണ് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ്. ജില്ലയിലെ ഏക ഡാമായ തെ•ല പരപ്പാല്‍ ഡാമിലെ നിരവിലെ ജലനിരപ്പ് 97.70 മീറ്ററാണ്. പരമാവധി ജലനിരപ്പ് 116.73 മീറ്റര്‍. എല്ലാ ഷട്ടറുകളും അടച്ച നിലയിലാണ്.

ഇത്തിക്കരയാര്‍, കൈത്തോട് കൈവഴികള്‍ ചെക്ക് ഡാം എന്നിവയില്‍ അടിഞ്ഞുകൂടിയ എക്കല്‍ മാലിന്യങ്ങള്‍ 100 ശതമാനവും നീക്കിയിട്ടുണ്ട്.

date