Skip to main content

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ ആരോഗ്യ സന്ദേശ വിളംബര യാത്ര ഇന്നു മുതൽ 

 

ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള ആരോഗ്യ അവബോധ സന്ദേശയാത്ര ഇന്നു (നവംബർ 23) ആരംഭിക്കും. രാവിലെ 9.30ന് കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ടി.വി. അനുപമ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ  അഡ്വ കെ.ടി. മാത്യു അധ്യക്ഷത വഹിക്കും. 

 

ആലപ്പുഴ നഗരസഭ  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി. മെഹബൂബ്, നഗരസഭാംഗം എ.എം. നൗഫൽ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ജോബിൻ ജോസഫ്, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ ഭാരവാഹി കെ. നാസർ എന്നിവർ പങ്കെടുക്കും. ഡെപ്യൂട്ടി ഡി.എം.ഒ റ്റി.എസ്. സിദ്ധാർഥൻ സ്വാഗതവും ജില്ലാ മാസ് മീഡിയാ ഓഫീസർ ജി. ശ്രീകല നന്ദിയും പറയും.    

 

ഇന്ന് മുതൽ 30 വരെ ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് പരിസരശുചിത്വം, മാലിന്യനിർമ്മാർജ്ജനം എന്നിവയുടെ പ്രധാന്യം സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടുത്തി ലഘുനാടകം, ആരോഗ്യബോധവത്കരണ ക്ലാസുകൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. പൊതുജനാരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട നോട്ടീസുകളും ലഘുലേഖകളുംവിതരണം ചെയ്യും. യാത്ര ഇന്ന് മുഹമ്മ, തണ്ണീർമുക്കം, കഞ്ഞിക്കുഴി എന്നിവിടങ്ങളിൽ പര്യടനം നടത്തും. നാളെ (നവംബർ 24) ചേർത്തല മുൻസിപ്പാലിറ്റി, ചേർത്തല  സൗത്ത്, മാരാരിക്കുളം നോർത്ത്, നവംബർ 28ന്  മാരാരിക്കുളം  സൗത്ത്, മണ്ണഞ്ചേരി, ആര്യാട്, നവംബർ 29ന് അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി നവംബർ 30ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ സമാപിക്കും.   

                 

(പി.എൻ.എ.2825/17)

date