Skip to main content

അംശദായ അദാലത്ത്: ജില്ലകളില്‍ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കണം- മന്ത്രി വി ശിവന്‍കുട്ടി

 

കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കൂടുതല്‍ തൊഴിലാളികളെ അംഗങ്ങളായി ചേര്‍ക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കണമെന്ന് തൊഴില്‍- വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംശദായ അദാലത്തിന്റെയും, കൊല്ലം ജില്ലയിലെ ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന വിവിധ വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

  കേരള പ്ലാന്റേഷന്‍ തൊഴിലാളി നിയമത്തിന്റെയും ഫാക്ടറി നിയമത്തിന്റെയും പരിധിയില്‍ വരാത്ത, ഷോപ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 18 നും 56 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള എല്ലാ ജീവനക്കാര്‍ക്കും, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. 50 രൂപയാണ് പ്രതിമാസം അംശദായമായി അടക്കേണ്ടത്.

അതിന് തുല്യമായ തുക തൊഴിലുടമ തന്റെ സ്ഥാപനത്തിലെ ഓരോ തൊഴിലാളിയുടേയും വിഹിതമായും ബോര്‍ഡില്‍ അടയ്ക്കും. ബോര്‍ഡില്‍ നിലവില്‍ 15 ലക്ഷത്തിലധികം അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ പേരെ ചേര്‍ത്ത് ആനുകൂല്യം ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. ഓണ്‍ലൈനായി തൊഴിലുടമയ്ക്ക് വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗത്വം എടുത്ത ധാരാളം സ്ഥാപനങ്ങള്‍ അംശദായം അടയ്ക്കാത്ത അവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസര്‍മാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ പെന്‍ഷന്‍ അടക്കമുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമുണ്ടാകും. അതേസമയം, അര്‍ഹതയില്ലാത്തവരെ കണ്ടെത്തി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള ആനുകൂല്യവും വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കൗണ്‍സിലര്‍ ബി ഷൈലജ, ട്രേഡ് യൂണിയന്‍ നേതാക്കളായ എസ് നാസറുദ്ദീന്‍, ജി ആനന്ദന്‍, പരിമണം ശശി, ടി കെ സുല്‍ഫി, വ്യാപാര വ്യവസായ ഏകോപനസമിതി സംസ്ഥാന ട്രഷറര്‍ എസ് ദേവരാജന്‍, ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഇ ഷാജഹാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷമീം അഹമ്മദ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ പി സജി, കെ എം ലെനിന്‍, തൊഴിലാളി- തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date