ചെങ്ങന്നൂർ താലൂക്ക് ഓഫീസ് വാർ റൂമായി: തീരുമാനങ്ങൾക്ക് ശരവേഗം
ആലപ്പുഴ: രണ്ട് ദിവസമായി 24 മണിക്കൂറും തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വാർ റൂമായി ചെങ്ങന്നൂർ താലൂക്ക് ഓഫീസ് മാറി. യുദ്ധമുറിക്ക് സമാനമായ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തീരുമാനങ്ങളാണ് ഇവിടെ നിന്നും ദ്രുതഗതിയിൽ രൂപപ്പെട്ടത്. സജി ചെറിയാൻ എം.എൽ.എ. മുഴുവൻ സമയവും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ നിലയുറപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അദ്ദേഹം ഉടനടി നൽകി.
ചെങ്ങന്നൂരിൽ ഇന്നലെ ഹെലികോപ്ടറിലെത്തിയ ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ പി. വേണുഗോപാൽ, ജില്ല കളക്ടർ എസ്. സുഹാസ്, ഐ.ജി. വിജയ് സാക്കറെ, ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഇന്നലെ ചെങ്ങന്നൂരിലെ കൺട്രോൾ റൂം പ്രവർത്തിച്ചത്. മരണത്തിന് അരികിലെത്തിയവരെ ജീവനോടെ ക്യാമ്പുകളിൽ എത്തിക്കുക എന്ന ദുഷ്‌ക്കരമായ പ്രവർത്തിയാണ് താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ നടന്നത്. നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കാമായിരുന്ന സാഹചര്യത്തെ കൈപ്പിടിയിലൊതുക്കാനായത് സ്പെഷ്യൽ ഓഫീസറുടേയും ജില്ല കളക്ടറുടേയും ജില്ല പൊലീസ് മേധാവിയുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടുകളാണ്.
കൃത്യതയാർന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ചെങ്ങന്നൂരിലുണ്ടായ പ്രളയ ദുരന്തത്തെ എട്ടു പേരുടെ മരണത്തിൽ ഒതുക്കാൻ കഴിഞ്ഞത്. ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. പാണ്ടനാട് ചില സ്ഥലങ്ങളിൽ ഇപ്പോഴും നാമമാത്രമായി ക്യാമ്പിൽ എത്താതെ അവശേഷിക്കുന്നവർക്കുള്ള ഭക്ഷണവും മരുന്നുകളും അതിവേഗത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
അഞ്ച് ഫോൺ കണക്ഷനുകളുള്ള ചെങ്ങന്നൂരിലെ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തനനിരതമാണ്. വിവിധ കൗണ്ടറുകളിലായി രക്ഷാബോട്ടുകളുടെ രജിസ്ട്രേഷൻ, ടൺ കണക്കിന് വരുന്ന ഭക്ഷണ വസ്തുക്കളുടെ വിതരണം, സൈന്യത്തിന്റെ വിന്യാസം തുടങ്ങിയവ നടുന്നു വരുന്നു. ഒരു ലക്ഷത്തിലധികം ആളുകളെയാണ് മരണമുഖത്തു നിന്നും രക്ഷിച്ചെടുത്തത്. ചെങ്ങന്നൂരിലെ 11 വില്ലേജുകളിലേയും ഉയർന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ തയ്യാറായി കഴിഞ്ഞു. അഞ്ച് ഹെലികോപ്ടറുകളിലായി ഇന്നലേയും ഭക്ഷണ വിതരണവും രക്ഷാപ്രവർത്തനവും നടത്തി. താലൂക്ക് ഓഫീസിനോട് അനുബന്ധിച്ചുള്ള അഞ്ച് ഗോഡൗണുകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം ക്യാമ്പുകളിലേക്കും തുരുത്തുകളിൽ അവശേഷിക്കുവർക്കുമായി വിതരണം ചെയ്തു വരുന്നു.
ക്യാമ്പുകളിൽ ആവശ്യമായ പാചക വാതക സിലിണ്ടറുകൾ ഗ്യാസ് ഏജൻസികളിൽ നിന്നും എത്തിക്കുമെന്ന് സ്പെഷ്യൽ ഓഫീസർ പി. വേണുഗോപാൽ പറഞ്ഞു. എല്ലാ ക്യാമ്പുകളിലും ആവശ്യമുള്ള അത്രയും സിലിണ്ടറുകളുടെ കണക്ഷൻ നൽകണമെന്ന് അദ്ദേഹം നിർദേശിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ വെളിച്ചമെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. 50 ജനറേറ്ററുകൾ തയ്യാറായിട്ടുണ്ട്. പോലീസിന്റെ പക്കൽ മാത്രം 51 ടോറസ് ലോറികളാണ് വിവിധ ആവശ്യങ്ങൾക്കായി ലഭ്യമാക്കിയിട്ടുള്ളത്. 53 അസ്‌കാ ലൈറ്റുകളും രക്ഷാപ്രവർത്തനങ്ങൾക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
രണ്ട് മന്ത്രിമാരും ജില്ലാ കളക്ടറും ചെങ്ങന്നൂരിലെത്തി
ആലപ്പുഴ: ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ, ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്, ജില്ല കളക്ടർ എസ്. സുഹാസ് എന്നിവർ ഹെലികോപ്ടർ മാർഗ്ഗം ചെങ്ങന്നൂരിലെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് സ്പെഷ്യൽ ഓഫീസർ പി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലും മന്ത്രിമാർ പങ്കെടുത്തു.
ജില്ലയിൽ ഇന്നലെ മൂന്നു മരണം കൂടി
ആലപ്പുഴ: മഴക്കെടുതിയിൽ ഇന്നലെ (ആഗസ്ത് 20) മൂന്നു മരണം കൂടി റിപ്പോർട്ടു ചെയ്തു. മാവേലിക്കര ചെിത്തല ഓരിപ്പുറം വിനുഭവനിൽ പരമേശ്വരൻപിള്ള (70), മാമങ്കേരി ഇഞ്ചക്കത്തറ അപ്പുക്കുട്ടന്റെ മകൻ അനീഷ് (30), മാമങ്കേരിയിൽ വാസുക്കുട്ടന്റെ മകൻ മോഹനൻ (59) എന്നിവരാണ് മരിച്ചത്. ഇതിൽ പരമേശ്വരൻപിള്ള വെള്ളം കയറിയ വീട്ടിൽ സ്വിച്ച് ഓൺ ചെയ്തപ്പോൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു. മറ്റു രണ്ടുപേരേയും കഴിഞ്ഞദിവസം മുതൽ കാണാതായിരുന്നു. മൃതദേഹങ്ങൾ ഇന്നലെ കണ്ടുകിട്ടിയതായി കുട്ടനാട് തഹസിൽദാർ അറിയിച്ചു. കുട്ടനാട് തലവടി വില്ലേജിൽ ചക്കാലപ്പടിവീട്ടിൽ നാരായണനും (70) ഇന്നലെ മരിച്ചിരുന്നു.
ആന്ധയിൽ നിന്ന് ആലപ്പുഴയിലേക്ക് 500 മെട്രിക് ടൺ അരി
ആലപ്പുഴ: ആന്ധ്രപ്രദേശ് സർകാർ 500 മെട്രിക് ടൺ അരി ജില്ലയ്ക്ക് നൽകുമെന്ന് സബ് കളക്ടർ വി.ആർ.കൃഷ്ണതേജ അറിയിച്ചു. ആന്ധ്ര സ്വദേശിയായ സബ്കളക്ടറുടെ ശ്രമഫലമായാണിത്.
ഇന്നു മുതൽ ജില്ലയിലെ എല്ലാ ക്യാമ്പുകളിലും ബി.എസ്.എൻ.എൽ. ലാൻഡ്ലൈൻ ഫോണുകൾ അനുവദിക്കും. അതിൽ നിന്നും ക്യാമ്പിലുള്ളവർക്ക് അവരുടെ ബന്ധുക്കളെ വിളിച്ചു തങ്ങൾ സുരക്ഷിതർ ആണെന് അറിയിക്കാൻ സാധിക്കും. കുട്ടനാട്ടിൽ ഇന്ന് മുതൽ പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയിൽ 710 ക്യാമ്പുകളിലായി 76610 കുടുംബങ്ങളിലെ 289321 പേർ
ആലപ്പുഴ: ജില്ലയിൽ ആകെ 710 ക്യാമ്പുകളിലായി 76610 കുടുംബങ്ങളിലെ 289321 പേർ. ഇന്നലെ രാത്രി 7.30നുള്ള കണക്കുപ്രകാരമാണിത്. അമ്പലപ്പുഴയിൽ 116 ക്യാമ്പുകളിലായി 16764 കുടുംബങ്ങളിലെ 67537 പേരാണ് ഉള്ളത്. ചേർത്തലയിൽ 102 ക്യാമ്പുകളിൽ 17783 കുടുംബങ്ങളിലെ 64578 പേർ. മാവേലിക്കരയിൽ 98 ക്യാമ്പുകളിലായി 6218 കുടുംബങ്ങളിലെ 23349 പേർ. .കുട്ടനാട്ടിലെ (അമ്പലപ്പുഴ താലൂക്കിൽ പ്രവർത്തിക്കുന്ന) 45 ക്യാമ്പുകളിലായി 3075 കുടുംബങ്ങളിലെ 14180 അംഗങ്ങളുണ്ട് . ചെങ്ങന്നൂരിൽ 203 ക്യാമ്പുകളിലായി 17136 കുടുംബങ്ങളിലെ 54657 പേരാണ് ഉള്ളത്. കാർത്തികപ്പള്ളി താലൂക്കിൽ 146 ക്യാമ്പുകളിലെ 15634 കുടുംബങ്ങളിലുള്ള 65020 പേരാണ് ഉള്ളത്. മാവേലിക്കര താലൂക്കിൽ പ്രവർത്തിക്കുന്ന 5 ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 626 കുടുംബങ്ങളിലെ 970 പേർ ആശ്രയിക്കുന്നു.
രക്ഷാപ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ്
ആലപ്പുഴ: രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് ആലപ്പുഴ കളക്ട്രേറ്റിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.എൻ.എച്ച്.എം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും അടങ്ങിയ സംഘമാണ് രണ്ടു ദിവസത്തിൽ അധികമായി കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്ന മത്സ്യതൊഴിലാളികളെ ചികിത്സിച്ചത്. ദേശിയ ആരോഗ്യ മിഷനിലെ ഡോ. മുഹമ്മദ് ഷെബിൻ, ഡോ. ഗീതു വി. പിള്ള, എന്നിവരുടെ നേതൃത്വത്തിലായിരുന്നു മെഡിക്കൽക്യാമ്പ്. രക്ഷാപ്രവർത്തകർ
ഏറെപ്പേർക്കും വളംകടിയും പനിയും ബാധിച്ചിരുന്നു. ഇവർക്ക് ആവശ്യമായ മരുന്നുകൾ നൽകി. മെഡിക്കൽ ക്യാമ്പിൽ എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കെല്ലാം എലിപ്പനിക്കുള്ള പ്രതിരോധ മരുന്നും നൽകി.
- Log in to post comments