Skip to main content

സഹായവുമായി സുമനസ്സുകള്‍; വിശ്രമമില്ലാതെ മലപ്പുറം

 

    ദുരിതിബാധിതരെ സഹായിക്കാന്‍ കൂടുതല്‍ പേര്‍ രംഗത്ത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്ത് പുറത്ത് നിന്നും സുമനസ്സുകള്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസം ജില്ലാ ആസ്ഥാനത്തേക്ക് സാധനം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളം ഇറങ്ങി തുടങ്ങിയതോടെയാണ് ഇന്നലെ കൂടുതല്‍ സാധനങ്ങള്‍ എത്തിയത്.
    ദുരിതാശ്വാസ ക്യാംപുകളിലേക്ക് വേണ്ട വസ്ത്രങ്ങള്‍ അവശ്യസാധനങ്ങള്‍ മരുന്നുകള്‍ ഭക്ഷ്യവസ്തുക്കള്‍ എന്നിവയെല്ലാം ഇന്നലെ കലക്ടറേറ്റില്‍ ശേഖരിച്ചു. മറ്റു ജില്ലകളിലേക്ക് എയര്‍ ലിഫ്റ്റിങ് ചെയ്യുന്നതിനുള്ള ഭക്ഷ്യവസ്തുക്കളും കലക്ടറേറ്റില്‍ ശേഖരിച്ചിരുന്നു. ഇവ ചെറിയ പാക്കറ്റുകളാക്കാന്‍ ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. തൃശൂര്‍ ജില്ലയിലേക്കാണ് പ്രധാനമായും ഇവ നല്‍കുക. കരിപ്പൂരില്‍ നിന്നും ഇന്ന് രാവിലെ ഇവ ഹെലികോപ്റ്ററുകളില്‍ കൊണ്ട് പോകും.
    സോയില്‍ സര്‍വെ അസി. ഡയറക്ടര്‍, കിളിനക്കോട് ജനകീയ കലാസാംസ്‌കാരിക വേദി, നവമിത്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, വേങ്ങര കൃഷി ഓഫീസര്‍ രേണുക, ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിലെ ഉമ്മു ഹബീബ, ശ്രീജയ എന്നിവര്‍ ഇന്നിലെ വിവിധ വസ്തുക്കള്‍ എത്തിച്ചു.

തമിഴ്‌നാട്ടില്‍ നിന്നും നാല് ലോറികളില്‍ ആവശ്യസാധനങ്ങള്‍
    ദുരിതബാധിതരെ സഹായിക്കാന്‍ നാല് ലോഡ് ആവശ്യസാധനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറത്തെത്തി. ദിണ്ഡിഗല്‍ അവതാര്‍ സെറാമിക്‌സ് ആണ് നാല് ലോഡ് സാധനങ്ങള്‍ മലപ്പുറത്ത് എത്തിച്ചത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, ടൂത്ത് ബ്രഷ്, പുതപ്പുകള്‍, മരുന്നുകള്‍ എന്നിവയാണ് ലോഡിലുള്ളത്.

മലയില്‍ ഗ്രൂപ്പ് ആയിരം കിറ്റുകള്‍ നല്‍കി

കാലവര്‍ഷ കെടുതിയീല്‍ ദുരന്തമനുഭവിക്കന്നവര്‍ക്ക് സഹായം നല്‍കുന്നതിനായി മലയില്‍ ഗ്രൂപ്പ് ആയിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ സൗജന്യമായി നല്‍കി. മലയില്‍ ചെയര്‍മാന്‍ മുഹമ്മദ് ഗദ്ദാഫിയില്‍ നിന്ന് ജില്ലാ കലക്ടര്‍ അമിത് മീണ കിറ്റുകള്‍ ഏറ്റുവാങ്ങി. അരി.,റവ,അവില്‍, തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

രാംകോ ഡീലര്‍  ആറുലക്ഷത്തിന്റെ ഭക്ഷണ കിറ്റുകള്‍ നല്‍കി

ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി രാംകോ സിമന്റസിന്റെ ഹോള്‍ സെയില്‍ ഡീലര്‍ ആറു ലക്ഷത്തിന്റെ ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍പ്പെട്ട കിറ്റുകള്‍ നല്‍കി. കിറ്റുകള്‍ കൊണ്ടോട്ടിയിലുള്ള ഹോള്‍ സെയില്‍ ഡീലര്‍ കുട്ടന്‍ കാവില്‍ ഉമ്മര്‍ ഹാജിയില്‍ നിന്നും ജില്ലാ കലക്ടര്‍ അമിത് മീണ ഏറ്റുവാങ്ങി. ജില്ലയില്‍ തകര്‍ന്ന വീടുകള്‍ നന്നാക്കുന്നതിനാവശ്യമായ സിമന്റും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

 

date