അതിവേഗ തീരുമാനങ്ങളുമായി കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍
പ്രളയക്കെടുതിയുടെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയ ആഗസ്റ്റ് 15ന് വെളുപ്പിന് രണ്ട് മുതല്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അക്ഷരാര്‍ഥത്തില്‍ യുദ്ധസമാനമായ സാഹചര്യത്തെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്, വീണാജോര്‍ജ് എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി.നൂഹ് എന്നിവര്‍ 15ന് രാവിലെ മുതല്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. ഒരിക്കല്‍ പോലും ഇത്തരത്തിലൊരു സാഹചര്യം നേരിട്ട് മുന്‍പരിചയമില്ലാതിരു ന്നിട്ടും 24 മണിക്കൂറും കാര്യങ്ങള്‍ ഏകോപിപ്പിച്ച് കളക്ടറേറ്റിലെയും വിവിധ വകുപ്പുകളിലെയും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെ രാവും പകലുമില്ലാതെ നാല് ദിവസം പ്രവര്‍ത്തിച്ചത് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഏറെ സഹായകമായി. ഡിഐജി ഷെഫീന്‍ അഹമ്മദ്, സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.ഹരികിഷോര്‍ എന്നിവര്‍ എത്തിയതോടെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസും വീണാജോര്‍ജ് എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി.നൂഹും തിരുവല്ല, കോഴഞ്ചേരി താലൂക്ക് ഓഫീസുകളും പ്രളയദുരിതബാധിത പ്രദേശങ്ങളിലും നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ ഫീല്‍ഡ്തല ഏകോപനം കൂടുതല്‍ കാര്യക്ഷമ മായതോടെ 16,17 തീയതികളില്‍ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളില്‍ കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി അപകടനില നിരണം ചെയ്യുവാന്‍ കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ 149 മത്സ്യബന്ധന ബോട്ടു കള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കുക, ബോട്ടുകളെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുക, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ നിന്ന് ബോട്ടുകളെ അടിയന്തര സാഹചര്യമുള്ളിടത്തേക്ക് മാറ്റുക, പത്തനംതിട്ടയിലേക്കെത്തിയ ബോട്ടുകളെ തടഞ്ഞ് ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന സാഹചര്യത്തെ നേരിടുക, കേടായ ബോട്ടുകള്‍ക്ക് പകരം പുതിയവ എത്തിക്കുക തുടങ്ങി ഏറ്റവും ശ്രമകരമായ ജോലികള്‍ അതിവിദഗ്ദ്ധമായി സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.ഹരികിഷോറിന്റെയും ജില്ലാ കളക്ടര്‍ പി.ബി.നൂഹിന്റെയും ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെയും നിര്‍ദേശപ്രകാരം ഏകോപിപ്പിച്ചത് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ എല്‍.നന്ദകുമാറിന്റെ നേതൃത്വത്തില്‍ വി.എ.ബേബി, സീനിയര്‍ ക്ലര്‍ക്കുമാരായ ജി.ബിജു, രാമകൃഷ്ണപ്രകാശ്, വി.ജി.സുജാകുമാരി എന്നിവരാണ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനമാണ് ഈ ടീം കാഴ്ചവച്ചത്. ജില്ലാ പോലീസ് സൂപ്രണ്ട് ടി.നാരായണന്റെ മേല്‍നോട്ടത്തില്‍ പോലീസ് വകുപ്പും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഇക്കാര്യത്തില്‍ നടത്തിയത്. (പിഎന്‍പി 2331/18)
- Log in to post comments