Skip to main content

മഴക്കെടുതി: തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍  ജില്ലാ പഞ്ചായത്ത് സമിതികള്‍

    ശക്തമായ മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയുടെ വിവിധ മേഖലകളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ കാര്യക്ഷമവും വേഗത്തിലുമാക്കാന്‍ പ്രത്യേക സമിതികളെ നിയോഗിക്കാന്‍ പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ വരുന്ന റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, കൃഷി, ആദിവാസി കോളനികള്‍ എന്നിവയ്ക്കു പുറമെ വിവിധ പ്രദേശങ്ങളിലെ വീടുകള്‍ക്കും ഭൂമിക്കും മറ്റുമുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ച് ഇവ പരിഹരിക്കുന്നതിനാവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് സമിതികളുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. 
    വിവിധ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതികളുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ അടങ്ങുന്ന സമിതികളാണ് ബന്ധപ്പെട്ട മേഖലകളിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക. റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവ തകര്‍ന്ന പ്രദേശങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍, താല്‍ക്കാലികമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍, സ്വീകരിക്കേണ്ട ബദല്‍ സംവിധാനങ്ങള്‍, സ്ഥിരം പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് സമിതികള്‍ സമര്‍പ്പിക്കുക. നാശ നഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തിയാണ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുക. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തുകളുടെ ഫണ്ടുപയോഗിച്ച് ചെയ്യാനാവുന്ന പ്രവൃത്തികള്‍,  ത്രിതല പഞ്ചായത്തുകള്‍ സംയുക്തമായി ഏറ്റെടുക്കേണ്ടവ എന്നിവ സമിതി വിലയിരുത്തും. വലിയ പാലങ്ങള്‍ പോലുള്ള വന്‍തുക ചെലവ് വരുന്ന പ്രവൃത്തികള്‍ സംയുക്ത പദ്ധതികളാക്കി മാറ്റാനാണ് ആലോചിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 10 ദിവസത്തിനകം സമിതികള്‍ പ്രായോഗിക നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കും. അടുത്തമാസം ആദ്യത്തില്‍ തന്നെ ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
    ശക്തമായ ഉരുള്‍പൊട്ടലില്‍ റോഡുകളും പാലങ്ങളും തകര്‍ന്നതുകാരണം ജില്ലയിലെ മലയോരത്തെ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഇവയ്ക്ക് താല്‍ക്കാലികമായ പരിഹാരം കാണണമെന്നും അംഗങ്ങള്‍ പറഞ്ഞു. മഴക്കെടുതിയില്‍ വീടുകള്‍ തകര്‍ന്ന സംഭവങ്ങളില്‍ പലയിടങ്ങളിലും കല്ലും മണ്ണും വന്നടിഞ്ഞും മണ്ണ് ഒലിച്ചുപോയും ഭൂമി ഉപയോഗശൂന്യമായി മാറിയിരിക്കുകയാണ്. എന്നാല്‍ വീടും സ്ഥലവും നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കാത്തതു കാരണം പലര്‍ക്കും ഭൂമിക്കായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആറ് ലക്ഷം രൂപ കിട്ടാതാവുന്ന സാഹചര്യമാണെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. റബ്ബര്‍, തെങ്ങ്, കശുമാവ് തുടങ്ങിയവ നശിച്ചുപോയ കേസുകളില്‍ നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഇവയില്‍ നിന്ന് ഭാവിയില്‍ ലഭിക്കുമായിരുന്ന ആദായങ്ങള്‍ പരിഗണിക്കാതെയുള്ളതാണെന്നും അതുകൂടി കണക്കിലെടുത്ത് നഷ്ടപരിഹാരം തയ്യാറാക്കണമെന്നും ആവശ്യമുയര്‍ന്നു. 
    സംസ്ഥാനത്തെ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജില്ലയിലെ മല്‍സ്യത്തൊഴിലാളികളെ ആഗസ്ത് 31ന് ജില്ലാ പഞ്ചായത്ത് ആദരിക്കുമെന്നും കെ വി സുമേഷ് പറഞ്ഞു. ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന എന്റെ ഒരു മാസം കേരളത്തിന് കാംപയിന്റെ ഭാഗമാവാന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളും യോഗത്തില്‍ തീരുമാനിച്ചു.
    വൈസ് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, അന്‍സാരി തില്ലങ്കേരി, സെക്രട്ടറി വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

date